സുരേഷ് ഗോപിയുടെ ലക്ഷ്മി ഉണ്ണി വാവാവോ കേട്ടാണ് ഉറങ്ങിയിരുന്നത്, സുരേഷ് അവളെ പാടിയുറക്കുന്നത് കണ്ട് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ദുരന്തമുണ്ടായത്: സിബി മലയിൽ

അഭിറാം മനോഹർ

വ്യാഴം, 10 ജൂലൈ 2025 (19:50 IST)
Screen Grab Suresh Gopi- Sibi Malayil
മലയാള സിനിമയില്‍ ഒട്ടനേകം ക്ലാസിക് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയില്‍. മമ്മൂട്ടി, മോഹന്‍ലാല്‍,ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കെല്ലാം മികച്ച ഒരുപിടി സമ്മാനിച്ചിട്ടുള്ള സിബി മലയില്‍ സിനിമയിലെത്തി 40 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ അവസരം ആഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ പ്രമുഖര്‍ ഒത്തുചേര്‍ന്നത്. മോഹന്‍ലാല്‍, ഉര്‍വശി, മുകേഷ്,സുരേഷ് ഗോപി തുടങ്ങി പല പ്രമുഖതാരങ്ങളും സിബി മലയിലുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.
 
 ഈ അവസരത്തില്‍ നടന്‍ സുരേഷ് ഗോപി സാന്ത്വനം എന്ന സിനിമയില്‍ എത്തിയതിന് പറ്റി പറഞ്ഞിരുന്നു. ആദ്യമായി ഒരു കൈകുഞ്ഞിനെ വെച്ചുള്ള രംഗമാണ് തനിക്ക് ഓഡീഷന് ലഭിച്ചതെന്നും അന്ന് ആ സിനിമയില്‍ അഭിനയിക്കാനായില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അന്ന് മാമ്മാട്ടിക്കുട്ടിയമ്മ എന്ന സിനിമയില്‍ സുരേഷ് ഗോപിക്ക് പകരം കൊടിയേറ്റം ഗോപിയ്ക്കാണ് അവസരം നല്‍കിയത്. പിന്നീട് സാന്ത്വനം എന്ന സിബി മലയില്‍ സിനിമയിലെത്തിയപ്പോഴും കൈകുഞ്ഞുമായുള്ള രംഗമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. ഇതിനെ പറ്റി സംസാരിക്കവെ വൈകാരികമായാണ് സിബി മലയില്‍ ചടങ്ങില്‍ സംസാരിച്ചത്. സംവിധായകനും നടനും തമ്മിലുള്ള ബന്ധത്തിലുപരി ആഴമുള്ള ബന്ധമാണ് സുരേഷ് ഗോപിയും കുടുംബവുമായി ഉള്ളതെന്ന് സിബി മലയില്‍ പറഞ്ഞു.
 
അന്ന് തിരുവനന്തപുരത്ത് വുഡ്‌ലാന്‍സിന്റെ ഒരു ഫ്‌ലാറ്റില്‍ താമസിക്കുമ്പോള്‍ ഒരു ദിവസം സുരേഷ് എന്നെ ഭക്ഷണം കഴിക്കാന്‍ വിളിക്കുമ്പോള്‍ സുരേഷിന്റെ ലക്ഷ്മി എന്ന് പറയുന്ന സുരേഷിന്റെ ആദ്യ കുഞ്ഞ് സുരേഷ് എന്റെ അടുത്ത് പറഞ്ഞു. ലക്ഷ്മി ഉണ്ണി വാവാവോ കേട്ടാണ് ഉറങ്ങുന്നത്. അവളെ എന്റെ മടിയില്‍ കൊണ്ടിരുത്തി ആ പാട്ട് പാടി സുരേഷ് അവളെ വാത്സല്യപൂര്‍വം ചേര്‍ത്ത് നിര്‍ത്തുന്ന കാഴ്ച കണ്ട് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്. അതൊരു സങ്കടമായി നമ്മുടെയെല്ലാ കുടുംബങ്ങളിലും ഉണ്ട്. കുഞ്ഞിന്റെ കര്‍മ്മങ്ങളില്‍ എത്തുമ്പോള്‍ സുരേഷിന്റെ അച്ഛന്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചു കരഞ്ഞിട്ട് അദ്ദേഹം പറഞ്ഞു നിങ്ങളുടെ പാട്ട് കേട്ടാണ് അവള്‍ ഉറങ്ങിയിരുന്നത് എന്ന്. ആ വാക്കുകള്‍, കരച്ചില്‍ എല്ലാം എന്റെയുള്ളില്‍ ഇപ്പോഴുമുണ്ട്. ആ മോള് ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്റെ മകനോളം പ്രായം ഉണ്ടാകുമായിരുന്നു. സിബി മലയില്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍