അക്കാര്യത്തിൽ മമ്മൂട്ടിയാണ് ലീഡ് ചെയ്യുന്നതെന്ന് സിബി മലയിൽ

നിഹാരിക കെ.എസ്

വെള്ളി, 4 ജൂലൈ 2025 (09:48 IST)
മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് കരിയറിലെ മികച്ച സിനിമകൾ സമ്മാനിച്ചവരിൽ ഒരാളാണ് അദ്ദേഹം. ഇപ്പോഴിതാ, മമ്മൂട്ടിയുടെ സിനിമാ തിരഞ്ഞെടുപ്പുകളെ കുറിച്ച് അത്ഭുതം കൊള്ളുകയാണ് സംവിധായകൻ. പരീക്ഷണങ്ങളിലൂടെ മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നത് മമ്മൂട്ടി ആണെന്നും സിബി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
ഇപ്പോഴുള്ള ഗോൾഡൻ ഇറ എന്ന് പറയുന്നതിൽ മുൻപന്തിയിൽ ഉള്ളതും, അതിനെ മുന്നിൽ നിന്ന് നയിക്കുന്നതും മമ്മൂട്ടിയാണെന്ന് സിബി പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ നോക്കിയാൽ അതിലെല്ലാം വ്യത്യസ്തത തിരിച്ചറിയാമെന്നും അതിന് മുൻപ് ചെയ്ത ഒരു കഥാപാത്രത്തെയും റിപ്പീറ്റ് ചെയ്യാതിരിക്കാൻ മമ്മൂട്ടി ശ്രമിക്കാറുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. വെറൈറ്റി തെരഞ്ഞെടുപ്പുകളും ഞട്ടിപ്പിക്കുന്ന കഥാപാത്ര അവതരണവും ഇപ്പോഴും അദ്ദേഹം പിന്തുടരുന്നുവെന്നത് അത്ഭുതമാണെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി.
 
'ഇപ്പോഴത്തെ ഗോൾഡൻ ഇറ എന്ന് പറയുന്നതിന്റെ മുന്നിൽ നിൽക്കുന്നതും അതിനെ നയിക്കുന്നതും മമ്മൂട്ടിയാണ്. വളരെ കോൺട്രാസ്റ്റ് ആയിട്ടുള്ള കഥാപാത്രങ്ങളെ തപ്പിയെടുത്ത് ചെയ്യും. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളെ എടുത്ത് നോക്കിയാൽ മതി. അതിന് മുൻപ് ചെയ്ത ഒരു കഥാപാത്രങ്ങളെയും റിപ്പീറ്റ് ചെയ്യാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. 
 
പുഴു, റോഷാക്ക്, കണ്ണൂർ സ്‌ക്വഡ്, ഭ്രമയുഗം, ലിജോയുടെ നൻപകൽ നേരത്ത് മയക്കം എന്നിങ്ങനെ പല സിനിമകൾ അയാൾ ചെയ്തു. എന്തൊരു വെറൈറ്റിയിലാണ് അയാൾ ചെയ്യുന്നത്. ഞെട്ടിപ്പിക്കുന്ന കഥാപാത്ര തിരഞ്ഞെടുപ്പും പെർഫോമൻസും അല്ലെ? അത്തരം പരീക്ഷണ ചിത്രങ്ങളിലൂടെ മലയാള സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ലീഡ് ചെയ്യുന്നത് മമ്മൂട്ടിയാണ്. അതിൽ പലരും പുതിയ തലമുറയിലെ സംവിധായകരാണ്', സിബി പറഞ്ഞു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍