എക്കാലത്തെയും പ്രിയപ്പെട്ട മലയാള നടൻ അദ്ദേഹമാണ്: തമിഴ് നടൻ ശിവ

നിഹാരിക കെ.എസ്

വ്യാഴം, 3 ജൂലൈ 2025 (09:02 IST)
മലയാള സിനിമകൾ ഒരുപാട് ഇഷ്ടമാണെന്നും മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി തമിഴ് നടൻ ശിവ. തന്റെ ഇഷ്ട മലയാള നടൻ ആരെന്നും അദ്ദേഹം പറയുന്നു. തന്റെ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ മോഹൻലാൽ ആണെന്നാണ് ശിവ പറയുന്നത്. മമ്മൂട്ടിയെ ഇഷ്ടമാണെങ്കിലും മോഹൻലാലിനെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണമുണ്ടെന്നും ശിവ പറഞ്ഞു. 
 
മോഹൻലാലിന്റെ ഹ്യൂമർ തനിക്ക് ഇഷ്ടമാണെന്നും മോഹൻലാൽ എന്ന നടന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകുമെന്നും ശിവ കൂട്ടിച്ചേർത്തു. 'പറന്തു പോ' എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
‘തമിഴ് സിനിമ ചെയ്യാൻ തന്നെ ഞാൻ ബുദ്ധിമുട്ടുകയാണ്. എനിക്ക് മലയാള സിനിമകൾ ഒരുപാട് ഇഷ്ടമാണ്. ഇവിടെ മലയാളത്തിൽ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചാൽ അത് തീർച്ചയായും മോഹൻലാൽ സാറാണ്. മമ്മൂട്ടി സാറിനെയും എനിക്ക് ഇഷ്ടമാണ്. പക്ഷെ മോഹൻലാൽ സാറിനെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണമുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്തെ ഒരു റിയാക്ഷൻ തന്നെ മതിയാകും. അതിന് പല അർത്ഥങ്ങളുമുണ്ടാകും.
 
ക്ലോസപ്പ് ഷോട്ടിലെ അദ്ദേഹത്തിന്റെ ഒരു റിയാക്ഷന് ഒരുപാട് അർത്ഥങ്ങളുണ്ടാകും. അതുപോലെ അദ്ദേഹത്തിന്റെ ഹ്യൂമറും എനിക്ക് ഒരുപാട് ഇഷ്ടമാണ്. മോഹൻലാൽ സാറിന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകും. മലയാളത്തിൽ നല്ല സിനിമകൾ വന്നാൽ ഞാൻ എന്തായാലും അഭിനയിക്കും,’ ശിവ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍