അച്ഛനും അമ്മയും വിവാഹമോചിതരായതില്‍ എനിക്ക് സന്തോഷമായിരുന്നു: ശ്രുതി ഹാസന്‍

ചൊവ്വ, 25 മെയ് 2021 (15:55 IST)
അച്ഛനും അമ്മയും വിവാഹമോചിതര്‍ ആയതില്‍ തനിക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ലെന്ന് നടി ശ്രുതി ഹാസന്‍. മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളിവിട്ടില്ലെന്നും വ്യത്യസ്തമായ ജീവിതം നയിക്കുന്നതില്‍ തനിക്ക് ആവേശമാണ് തോന്നിയതെന്നും സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി പറഞ്ഞത്. 
 
'അവര്‍ വ്യത്യസ്ത രീതിയില്‍ ജീവിതം നയിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് ആവേശമാണ് തോന്നിയത്. ചില കാരണങ്ങളാല്‍ ഒത്തുചേര്‍ന്നു പോകാന്‍ സാധിക്കാത്ത രണ്ടുപേര്‍ വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ അത്ഭുതകരമായ മാതാപിതാക്കളായി തുടരുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ അവര്‍ അവരുടെ കടമകള്‍ നിര്‍വഹിക്കുന്നുണ്ട്. ഞാന്‍ എന്റെ അച്ഛനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. എന്റെ അമ്മ എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നു, ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗവുമാണ്. ഇതെല്ലാം വളരെ നല്ല കാര്യമായി തോന്നുന്നു,' ശ്രുതി പറഞ്ഞു. 
 
'അവര്‍ രണ്ട് പേരും വ്യത്യസ്തരാണ്, അതിശയിപ്പിക്കുന്ന വ്യക്തികളുമാണ്. ഇരുവരും ഒരുമിച്ച് ആയിരുന്നപ്പോള്‍ അത്രത്തോളം മികച്ചവരായിരുന്നില്ല. അവര്‍ പിരിയുമ്പോള്‍ ഞാന്‍ വളരെ ചെറുതായിരുന്നു. ഒരുമിച്ച് ജീവിക്കുന്ന അവസ്ഥയേക്കാള്‍ അവര്‍ ഇപ്പോള്‍ സന്തുഷ്ടരാണ്,' ശ്രുതി കൂട്ടിച്ചേര്‍ത്തു. 
 
1988 ലാണ് കമല്‍ഹാസനും സരികയും വിവാഹിതരാകുന്നത്. 2004 ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. ഇരുവരുടെയും മകളാണ് ശ്രുതി ഹാസന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍