ഞങ്ങൾ ഒന്നിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ശ്രീനിവാസനെ, മനസ്സ് തുറന്ന് സത്യൻ അന്തിക്കാട്

അഭിറാം മനോഹർ

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (17:56 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമകളാണ് മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയിട്ടുള്ള സിനിമകള്‍. റിപ്പീറ്റ് വാല്യുവുള്ള ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുള്ളതിനാല്‍ ഇന്നും സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ വരുന്ന സിനിമകള്‍ക്ക് ആരാധകരേറെയാണ്. ഓണം റിലീസായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വം തിയേറ്ററുകളില്‍ മുന്നേറുന്നതിനിടെ താനും മോഹന്‍ലാലും ഏറെ മിസ് ചെയ്യുന്നത് ശ്രീനിവാസനെയാണെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
 
കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് മനസ്സ് തുറന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലാണെങ്കിലും അടുത്തിടെ ഹൃദയപൂര്‍വം സിനിമയുടെ സെറ്റ് ശ്രീനിവാസന്‍ സന്ദര്‍ശിച്ചിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ഒട്ടേറെ സിനിമകള്‍ക്ക് പേന ചലിപ്പിച്ചത് ശ്രീനിവാസനായിരുന്നു. ഞാനും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ ഏറ്റവും മിസ് ചെയ്യുന്നത് ശ്രീനിവാസനെയാണ്. ടി പി ബാലഗോപാലന്‍ മുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ടുക്കെട്ട്. സിനിമയില്‍ എന്റെ പാത ഏന്താണെന്ന് മനസിലാക്കി തന്നത് ശ്രീനിവാസനാണ്.
 
 നാടോടിക്കാറ്റും വരവേല്‍പ്പും സന്ദേശവുമെല്ലാം ഇന്നും ചര്‍ച്ച ചെയ്യുന്ന സിനിമകളാണ്. ശ്രീനിയുടെ പല സംഭാഷണങ്ങളും മലയാളിക്ക് പഴഞ്ചൊല്ലുകള്‍ പോലെയാണ്. ശ്രീനിവാസന്‍ എന്ന സുഹൃത്ത്, എഴുത്തുക്കാരന്‍ ഇല്ലായിരുന്നെങ്കിലും ഇത്രയേറെ നല്ല സിനിമകള്‍ ചെയ്യാന്‍ എനിക്കാവില്ലായിരുന്നു. ശ്രീനിയുടെ കയ്യില്‍ നിന്നും ലഭിച്ച പാഠങ്ങള്‍ സ്വന്തമായി തിരക്കഥയെഴുതുമ്പോള്‍ സഹായിച്ചിട്ടുണ്ട്.സത്യന്‍ അന്തിക്കാട് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍