'ഞാനും മോഹൻലാലും ഒന്നിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ശ്രീനിവാസനെ തന്നെയാണ്. ടി.പി.ബാലഗോപാലൻ മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ടുകെട്ട്, സിനിമയിൽ എന്റെ പാത ഏതാണെന്ന് മനസിലാക്കിത്തന്ന ആളാണ് ശ്രീനിവാസൻ. നാടോടിക്കാറ്റും സന്ദേശവും വരവേൽപ്പുമൊക്കെ ഇന്നും ചർച്ച ചെയ്യപ്പെടുന്ന സിനിമകളാണ്. ശ്രീനിയുടെ പല സംഭാഷണങ്ങളും പഴഞ്ചൊല്ലുപോലെ മലയാളി പറയാറുണ്ട്.
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് ഇതൊക്കെ മലയാളിയുടെ മനസിൽ പതിഞ്ഞുപോയ സംഭാഷണങ്ങളാണ്. ശ്രീനിവാസൻ എന്ന സുഹൃത്തില്ലായിരുന്നെങ്കിൽ, എഴുത്തുകാരനില്ലായിരുന്നെങ്കിൽ ഇത്രയേറെ നല്ല സിനിമകൾ എനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നു, ശ്രീനിയുടെ കയ്യിൽ നിന്നും ലഭിച്ച പാഠങ്ങൾ സ്വന്തമായി തിരക്കഥയെഴുതിയപ്പോൾ സഹായകമായിട്ടുണ്ട്”, സത്യൻ അന്തിക്കാട് പറഞ്ഞു.