കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലെല്ലാം കയ്യടി നേടിയ നടിയാണ് സൗന്ദര്യ. തൊണ്ണൂറുകളിലും രണ്ടായിരങ്ങളുടെ തുടക്കത്തിലേയും ഏറ്റവും തിരക്കുള്ള നായികയായിരുന്നു സൗന്ദര്യ. 2004 ഏപ്രിൽ 17 നുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് സൗന്ദര്യ മരണപ്പെടുന്നത്.
കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മരണം.
മലയാളികൾക്കും സുപരിചിതയാണ് സൗന്ദര്യ. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം എന്നീ രണ്ട് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സൗന്ദര്യയെ മലയാളി ഒരിക്കലും മറക്കില്ല. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ സൗന്ദര്യയെ മലയാളത്തിലെത്തിക്കുന്നത് സത്യൻ അന്തിക്കാടാണ്.
തന്റെ ഒരു സിനമയിലേ അഭിനയിച്ചുള്ളൂവെങ്കിലും താനും സൗന്ദര്യയും നല്ല സുഹൃത്തുക്കളായി മാറിയിരുന്നുവെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. സൗന്ദര്യ കവിതകളെഴുതുമായിരുന്നു. അക്കാരം ആർക്കുമറിയില്ല. സൗന്ദര്യയുടെ കവിത താൻ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് സൗന്ദര്യയെക്കുറിച്ച് സംസാരിക്കുന്നത്.
''വലിയ നഷ്ടമാണ്. ഒരു സിനിമയിലേ അഭിനയിച്ചുള്ളൂവെങ്കിലും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ എനിക്ക് അവരെ അറിയില്ലായിരുന്നു. ഷൂട്ടിങ് തീരാൻ നേരം തെലുങ്കിൽ ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചു. ഇല്ല, ഞാൻ ചെയ്യില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഞങ്ങളുടെ നിർമാണക്കമ്പനിയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞു.
സൗന്ദര്യ കവിതകളെഴുതുമായിരുന്നു. ആർക്കും അറിയില്ല. ഇംഗ്ലീഷ് കവിതകളാണ്. ഒരിക്കൽ ഷൂട്ടിനിടെ എന്നോട് സാർ കവിതകളെഴുതമല്ലേ എന്ന് ചോദിച്ചു. കവിതകളല്ല, പാട്ടെഴുതാറുണ്ടെന്ന് ഞാൻ പറഞ്ഞു. എന്റെ കുറച്ച് കവിതകളുണ്ട് വായിച്ചു നോക്കണം എന്ന് പറഞ്ഞു. സിമ്പിൾ ഇംഗ്ലീഷിലുള്ള കവിതകളായിരുന്നു. അച്ഛൻ മരിച്ച ശേഷം വിഷാദത്തിലായിരുന്നു, മുറിയിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ആ സമയത്ത് കുറേ എഴുതി വച്ചിട്ടുണ്ടെന്ന് പറഞ്ഞു.
സൗന്ദര്യയുടെ കവിത ഞാൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് മനോരമയുടെ ഞായറാഴ്ച പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നിരുന്നു. സൗന്ദര്യയെ വിളിച്ച് അങ്ങോട്ട് അയച്ച് തരാമെന്ന് പറഞ്ഞു. അത് വേണ്ട അടുത്ത തവണ നേരിൽ കാണുമ്പോൾ തന്നാൽ മതിയെന്ന് പറഞ്ഞു. പക്ഷെ ആ കൂടിക്കാഴ്ചയ്ക്ക് മുമ്പ് അവർ മരണപ്പെട്ടു', സത്യൻ അന്തിക്കാട് പറയുന്നത്.