Nayanthara; നിർബന്ധിച്ച് കൊണ്ടുവന്നതാണ്, കല്യാണത്തിന് മൂന്ന് പേരെയേ മലയാളത്തിൽ നിന്നും ക്ഷണിച്ചുള്ളൂ: സത്യൻ അന്തിക്കാട്

നിഹാരിക കെ.എസ്

ബുധന്‍, 27 ഓഗസ്റ്റ് 2025 (09:36 IST)
മോഹൻലാലുമൊത്തുള്ള ഹൃദയപൂർവ്വം എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാട് കൈപിടിച്ചുയർത്തിയ നിരവധി താരങ്ങളുണ്ട്. അതിലൊരാളാണ് ഡയാന കുര്യൻ എന്ന നയൻ‌താര. സത്യന്‍ അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ തുടക്കം. 
 
ഒരു പരസ്യ ചിത്രത്തില്‍ കണ്ടാണ് സത്യന്‍ അന്തിക്കാട് നയന്‍താരയെ തന്റെ സിനിമയിലേക്ക് വിളിക്കുന്നത്. അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ നയന്‍താര ആദ്യം ഓഫര്‍ നിരസിച്ചുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അന്ന് താന്‍ നിര്‍ബന്ധിച്ചാണ് അവരെ അഭിനയിക്കാന്‍ കൊണ്ടുവന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് മനസ് തുറന്നത്.  
 
'നയന്‍താരയില്‍ ഞാന്‍ ആദ്യം കണ്ടത് അവരുടെ മുഖത്തെ ആത്മവിശ്വാസമാണ്. അഭിനയ പരിചയമുള്ള കുട്ടിയായിരുന്നില്ല. തിരുവല്ലക്കാരിയായ ഡയാന കുര്യന്‍ എന്ന പെണ്‍കുട്ടിയായിരുന്നു. ഒരു പരസ്യത്തില്‍ അവരുടെ ഫോട്ടോയാണ് ഞാന്‍ ആദ്യം കാണുന്നത്. ഞാന്‍ പടം സിനിമയുടെ ഷൂട്ട് തുടങ്ങിയിരുന്നുവെങ്കിലും നായികയെ കിട്ടിയിരുന്നില്ല. കേന്ദ്രകഥാപാത്രം ഷീല ആയിരുന്നതിനാല്‍ പ്രശസ്തയായ നടിയെ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. പുതിയ ആളാണെങ്കില്‍ നന്നാകുമെന്ന് തോന്നി.
 
ഒരുപാട് പേരെ ശ്രമിച്ചു നോക്കി. പക്ഷെ ഒന്നും നടന്നില്ല. ഈ ഫോട്ടോ കണ്ടപ്പോള്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. ഹലോ സത്യന്‍ അന്തിക്കാടാണ് എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ സാറിനെ തിരികെ വിളിക്കാമെന്ന് പറഞ്ഞ് വച്ചു. ആരെങ്കിലും പറ്റിക്കുകയാണോ എന്ന സംശയമായിരുന്നു.
 
ഞാനിതുവരെ അഭിനയിച്ചിട്ടില്ലെന്നൊക്കെ പറഞ്ഞു. ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന് ഞാന്‍ പറഞ്ഞു. അച്ഛനേയും അമ്മയേയും കൂട്ടി വരാന്‍ പറഞ്ഞു. പട്ടാമ്പിയിലാണ് ഷൂട്ടിങ്. അങ്ങോട്ടേക്ക് വന്നു. നല്ല ആത്മവിശ്വാസമുള്ള മുഖം. ഞാന്‍ കുറച്ച് ഷോട്ട്‌സ് ഒക്കെ എടുത്തു. നാല് ദിവസത്തിന് ശേഷമാണ് ഈ കുട്ടി തന്നെ മതിയെന്ന് തീരുമാനിക്കുന്നത്.
 
വിളിച്ചപ്പോള്‍ ഞാന്‍ വരുന്നില്ല എന്നാണ് പറഞ്ഞത്. എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു. ഞാന്‍ അഭിനയിക്കുന്നതിനോട് വീട്ടിലെ ചില ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. എനിക്ക് ആണെങ്കില്‍ കഥാപാത്രത്തിന്റെ മുഖവുമായി വളരെയധികം മാച്ചിങ് തോന്നുകയും ചെയ്തു.
 
ഡയാനയ്ക്ക് അഭിനയിക്കാന്‍ ഇഷ്ടമാണോ? അതെ. അച്ഛനും അമ്മയ്ക്കും എതിര്‍പ്പുണ്ടോ? ഇല്ല. എന്നാല്‍ വാ.. എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ നിര്‍ബന്ധിച്ച് വരുത്തിയ വരവ് ഇന്ത്യ മുഴുവന്‍ എത്തി നില്‍ക്കുന്നു. ഇപ്പോഴും കോണ്ടാക്ട് ഉണ്ട്. ഇടയ്ക്ക് വിളിക്കും. ഞാന്‍ പിന്നെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാറില്ല. അവരുടെ വളര്‍ച്ച മുഴുവന്‍ അവരുടെ കഴിവാണ്.
 
കല്യാണത്തിന് ടിക്കറ്റ് അയച്ചുതരാമെന്ന് പറഞ്ഞതാണ്. വേണ്ടെന്ന് ഞാന്‍ പറഞ്ഞു. 200 പേരെയെങ്ങാനുമേ വിളിച്ചിരുന്നുള്ളൂ. മലയാളത്തില്‍ നിന്നും എന്നേയും സംവിധായകന്‍ സിദ്ധീഖിനേയും ദിലീപിനേയുമാണ് വിളിച്ചത്. സിദ്ധീഖിന് വരാന്‍ പറ്റിയില്ല. ആ സ്‌നേഹം എപ്പോഴും കാണിക്കാറുണ്ട്. അനൂപിന്റെ വരനെ ആവശ്യമുണ്ട് കണ്ടിട്ട് അവനോട് സംസാരിക്കണം എന്ന് പറഞ്ഞ് വിളിച്ചിരുന്നു.
 
ഒരിക്കല്‍ ഷൂട്ടിങ് നടക്കുമ്പോള്‍, തൊട്ടടുത്ത് വേറൊരു സിനിമയുടെ ഷൂട്ടിങുമായി നയന്‍താരയും ഉണ്ടായിരുന്നു. ഞാന്‍ ഉണ്ടെന്ന് അറിഞ്ഞ് എന്റെ സെറ്റിലേക്ക് ഓടി വന്നു. നമ്മള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാത്തതു കൊണ്ടാണത്.
 
അന്ന് വന്ന് പോയ ശേഷം എനിക്ക് മെസേജ് അയച്ചിരുന്നു. 'താങ്കള്‍ ആണ് വലിയൊരു ലോകത്തേക്കുള്ള വാതില്‍ എനിക്ക് തുറന്നു തന്നത്. എനിക്ക് വളരെയധികം ബഹുമാനം ഉണ്ട് നിങ്ങളോട്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ അഭിനയിച്ച് വളരാന്‍ എനിക്കാകുമോ എന്നറിയില്ല. പക്ഷെ ഞാന്‍ അതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്' എന്നായിരുന്നു മെസേജ്', അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍