നയൻതാരയുടെ ജീവിതകഥ പറയുന്ന 'നയന്‍താര: ബി യോണ്ട് ദ് ഫെയ്റിടെയ്ല്‍' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ ഏറെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഈ ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണിപ്പോൾ. ഒരു ഡോക്യുമെന്ററി ഇറക്കിയതിന്റെ പേരിൽ വൻ തിരിച്ചടികളാണ് നടി കരിയറിലും നേരിടുന്നത്.
'ചന്ദ്രമുഖി' എന്ന തമിഴ് ചിത്രത്തിന്റെ നിർമാതാക്കളാണ് നടിക്കും നെറ്റ്ഫ്ലിക്സിനും എതിരെ രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുൻപ് നയന്‍താരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചിരുന്നു.
ഇതിൽ നടപടിയൊന്നും കൈക്കൊള്ളാത്തതിനെ തുടർന്ന് ഇവർ ഇപ്പോൾ നിയമപരമായി മുന്നോട്ട് പോവുകയാണ്. ചന്ദ്രമുഖിയുടെ പകര്‍പ്പകവകാശം കൈവശമുള്ള എപി ഇന്റര്‍നാഷ്ണല്‍ ആണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഡോക്യുമെന്ററി നിര്‍മാതാക്കളായ ടാര്‍ക് സ്റ്റുഡിയോസ്, നെറ്റ്ഫ്ലിക്സ് എന്നിവരോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.
ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമുള്ള മുന്‍കാല നിയമപരമായ അറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചതായി കമ്പനി പറയുന്നു. തര്‍ക്കത്തിലുള്ള ദൃശ്യങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി നിര്‍ദേശവും കൂടാതെ ഡോക്യുമെന്ററിയില്‍ നിന്ന് ലഭിച്ച വരുമാനം വെളിപ്പെടുത്താനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.