ലോഹിതദാസ് പരിചയപ്പെടുത്തിയ പുതുമുഖനടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മീരയെ തേടിയെത്തിയിരുന്നു. വളരെ ചുരുക്കം സമയം കൊണ്ട് മലയാളത്തിലെ തിരക്കുള്ള നടിയായി മീര ജാസ്മിൻ മാറി. തമിഴിലും തെലുങ്കിലും സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച് കരിയറിൽ മികച്ച ഫേസിൽ നിൽക്കവെയായിരുന്നു മീരയുടെ വിവാഹം. പിന്നീട് സിനിമയോട് താൽക്കാലികമായി വിട പറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെയാണ് പിന്നീട് മീര തിരിച്ചുവരവ് അറിയിച്ചത്. ജയറാമിന്റെ നായികയായിട്ടായിരുന്നു ഈ സിനിമയിൽ മീര ജാസ്മിൻ അഭിനയിച്ചിരുന്നത്. തിരിച്ചുവരവിൽ പ്ലസ്‌ടു വിന് പഠിക്കുന്ന മകളായി മീര അഭിനയിച്ചത് ഏറെ ചർച്ചയായിരുന്നു. പിന്നീട് വന്ന സിനിമകളിൽ അമ്മ റോൾ ആയിരുന്നു മീരയ്ക്ക് ലഭിച്ചത്. അവസാനമിറങ്ങിയ ടെസ്റ്റ് എന്ന തമിഴ് സിനിമയിലും ഒരു കുട്ടിയുടെ അമ്മയായിട്ടായിരുന്നു മീര ജാസ്മിൻ അഭിനയിച്ചത്.
ഇപ്പോഴിതാ, മകൾ എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് മീര. സത്യൻ അന്തിക്കാടിന്റെ സിനിമയായത് കൊണ്ടാണ് മകൾ എന്ന ചിത്രത്തിൽ അഭിനയിച്ചതെന്ന് മീര പറയുന്നു. അമ്മയായി അഭിനയിയ്ക്കുന്നത് തന്റെ ഇമേജിനെ ബാധിക്കുമെന്ന ചിന്ത ഒരിക്കലും തനിക്ക് ഉണ്ടായിട്ടില്ലെന്നും അതിന് കാരണം സത്യൻ അന്തിക്കാട് ആണെന്നും മീര ജാസ്മിൻ പറയുന്നുണ്ട്.