കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ തന്റെ പത്രിക തള്ളിയത് ചോദ്യം ചെയ്തുകൊണ്ട് നിര്‍മാതാവ് സാന്ദ്ര നൽകിയ ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തള്ളിയത്. ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്രാ തോമസിന് മത്സരിക്കാന്‍ സാധിക്കില്ല.
പ്രസിഡന്റ്, ട്രഷറർ, എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര പത്രിക നൽകിയിരുന്നത്. യോഗ്യത കാണിക്കാന്‍ ആവശ്യമായ സിനിമകളുടെ എണ്ണം നൽകിയിട്ടില്ലെന്നു ചുണ്ടിക്കാണിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. ഒൻപത് സിനിമകൾ നിർമിച്ചിട്ടുണ്ടെന്നാണ് സാന്ദ്രയുടെ വാദം. ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറിൽ രണ്ടും. എന്നാൽ, നിർമാതാവ് എന്നനിലയിൽ സ്വതന്ത്രമായി മൂന്നുസിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു വരണാധികാരിയുടെ നിലപാട്.