സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

രേണുക വേണു

ചൊവ്വ, 28 ജനുവരി 2025 (09:00 IST)
Sanal Kumar Sasidaran

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസെടുത്തു. മലയാളത്തിലെ ഒരു പ്രമുഖ നടി നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
 
ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകള്‍ സനല്‍കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഇതിനുപിന്നാലെയാണ് നടി പൊലീസിനെ സമീപിച്ചത്. യുഎസില്‍ നിന്നാണ് സനല്‍കുമാര്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതെന്നു പൊലീസ് പറഞ്ഞു.
 
ഇതിനു മുന്‍പും ഈ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ സനലിന് ജാമ്യം അനുവദിച്ചത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പിന്‍തുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു 2022ല്‍ നടി സനല്‍ കുമാറിനെതിരെ പരാതി നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍