മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളെന്ന വിശേഷണമുള്ളയാളാണ് എസ് എന്‍ സ്വാമി. 1984ല്‍ തുടങ്ങി 2024 എത്തുമ്പോഴും സിനിമയുടെ തിരക്കുകളിലാണ് എസ് എന്‍ സ്വാമി ഇപ്പോഴുമുള്ളത്. 40 വര്‍ഷത്തെ ദീര്‍ഘമായ കരിയറില്‍ ഇതിനകം 60 ഓളം സിനിമകള്‍ക്ക് വേണ്ടി സ്വാമി തൂലിക ചലിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ ഐകോണിക് കഥാപാത്രമായ സേതുരാമയ്യര്‍ പിറന്നത് എസ് എന്‍ സ്വാമിയില്‍ നിന്നായിരുന്നു. ഇപ്പോഴിതാ തിരക്കഥാ എഴുത്തില്‍ നിന്ന് മാറി സംവിധാനത്തിലും കൈവെച്ചിരിക്കുകയാണ് എസ് എന്‍ സ്വാമി.
മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവര്‍ക്കെല്ലാം നിരവധി ഹിറ്റുകള്‍ നല്‍കിയ എഴുത്തുക്കാരന്‍ സംവിധായകനാകുമ്പോള്‍ ആദ്യ സിനിമയില്‍ നായകനാകുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. എന്തുകൊണ്ടാണ് ധ്യാനിനെ സിനിമയില്‍ നായകനാക്കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എസ് എന്‍ സ്വാമി. ഇപ്പോഴത്തെ പ്രായത്തില്‍ ധ്യാന്‍ ചെയ്യുന്ന വേഷത്തിലെത്താന്‍ മോഹന്‍ലാലിനോ മമ്മൂട്ടിക്കോ സാധിക്കില്ല. അവര്‍ക്ക് ചേരാത്ത കഥയുമായി അവരുടെ അടുത്തേക്ക് പോകാന്‍ സാധിക്കില്ലല്ലോ. ഈ കഥയ്ക്ക് ഏറ്റവും യോജിച്ച നടന്‍ ധ്യാന്‍ തന്നെയാണെന്ന് കരുതുന്നു എസ് എന്‍ സ്വാമി പറഞ്ഞു. ഈ മാസം 26നാണ് ധ്യാന്‍- എസ് എന്‍ സ്വാമി സിനിമയായ സീക്രട്ട് തിയേറ്ററുകളിലെത്തുന്നത്.