ക്ലീഷേയും ക്രിഞ്ചും ഉണ്ട്, തിയറ്ററിലും ബോറടിച്ചിരുന്നു; വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയെ കുറിച്ച് ധ്യാന്‍

രേണുക വേണു

ബുധന്‍, 19 ജൂണ്‍ 2024 (11:59 IST)
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. തിയറ്ററുകളില്‍ വിജയമായ ചിത്രത്തിനു ഒടിടിയില്‍ എത്തിയപ്പോള്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. സിനിമയില്‍ സംഭവിക്കുന്ന പല കാര്യങ്ങളും ക്ലീഷേയും ക്രിഞ്ചുമാണെന്ന് പ്രേക്ഷകര്‍ വിമര്‍ശിച്ചു. അഭിനേതാക്കളുടെ മേക്കപ്പിനെ പോലും ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഒടുവില്‍ ഇതാ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ ക്ലീഷേയും ക്രിഞ്ചും ഉണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തിയറ്ററില്‍ കണ്ടപ്പോഴും തനിക്ക് ചെറുതായി ബോറടിച്ചെന്ന് ധ്യാന്‍ പറയുന്നു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 
 
' ഷൂട്ട് ചെയ്യുന്ന സമയം മുതലെ ചില ഭാഗങ്ങള്‍ കാണുമ്പോള്‍ ഇത് ക്രിഞ്ച് അല്ലേ, ക്ലീഷേ അല്ലേ എന്നൊക്കെ പറഞ്ഞു പോയിട്ടുണ്ട്. ഒടിടിയില്‍ സിനിമ കണ്ട് പ്രേക്ഷകര്‍ പറയുന്നത് കൃത്യമായ കാര്യമാണ്. ഇതൊക്കെ നമുക്ക് മുന്‍പ് തോന്നിയ കാര്യങ്ങളാണെന്നതാണ് വാസ്തവം. ചേട്ടന്‍ ഇതിലൂടെ ഉപയോഗിക്കുന്നത് എന്ത് സ്ട്രാറ്റജി ആണെന്നോ തിരക്കഥാ വൈദഗ്ധ്യമാണോയെന്നോ അറിയില്ല,' ധ്യാന്‍ പറഞ്ഞു. 
 
' പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു. എന്നാല്‍ ചേട്ടന് അത് ഓക്കെ ആയിരുന്നു. എനിക്കും അജുവിനും ഈ ലുക്കില്‍ ആ കഥാപാത്രം ഓക്കെ ആണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്. ഫസ്റ്റ് ഹാഫില്‍ ചെറിയ ലാഗും ക്രിഞ്ചും ഒക്കെ ഉണ്ട്. സ്ഥിരം വിനീത് ശ്രീനിവാസന്‍ സിനിമകളില്‍ കാണുന്ന എല്ലാ ക്രിഞ്ചും ക്ലീഷേയും ഉള്ള ഫോര്‍മുല സിനിമയാണിത്. ചില സിറ്റുവേഷനൊക്കെ കാണുമ്പോള്‍ ഇത് ക്ലീഷേ അല്ലേ എന്നു തോന്നും. തിയറ്ററിലും ചെറിയ രീതിയില്‍ എനിക്കു ബോറടിച്ചിരുന്നു. ഇതൊരു വലിയ സിനിമയാണെന്ന അവകാശവാദമൊന്നുമില്ലായിരുന്നു. പക്ഷേ പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ടും, മ്യൂസിക്കും പരിപാടിയുമൊക്കെയായി അദ്ദേഹം അത് വിജയിപ്പിച്ചെടുക്കും,' ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍