ഹോട്ടല്‍ ജോലിയും കുടിവെള്ള വിതരണവുംവരെ, സിനിമയിലെത്തും മുമ്പുള്ള ഋഷഭ് ഷെട്ടിയുടെ ജീവിതം

കെ ആര്‍ അനൂപ്

വെള്ളി, 16 ഓഗസ്റ്റ് 2024 (19:09 IST)
ഇന്ത്യന്‍ സിനിമ ലോകം ഋഷഭ് ഷെട്ടി എന്ന പേര് ഏറ്റുപറയാന്‍ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഈ 41 കാരനായ മനുഷ്യന്‍ ഇന്ന് ഇന്ത്യന്‍ സിനിമയുടെ മുഖമാണ്. പ്രശാന്ത് ഷെട്ടിയെന്ന പേരിലാണ് അദ്ദേഹം വളര്‍ന്നത്.കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കദ്രിയില്‍ തുളു കുടുംബത്തില്‍ ജനിച്ച ഋഷഭ് ഷെട്ടി ബാംഗ്ലൂരിലെ വിജയ് കോളേജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.
 
കോളേജ് പഠനകാലത്ത് കലാരംഗത്തോടുള്ള താല്പര്യം ഋഷഭ് ഷെട്ടി പ്രകടിപ്പിച്ചു.കുന്ദപുരയില്‍ യക്ഷഗാനത്തിലൂടെ പ്രശാന്ത് എന്ന ഋഷഭ് തിയറ്ററില്‍ സജീവമായി മാറുകയായിരുന്നു. തന്റെ കരിയര്‍ കലയാണെന്ന തിരിച്ചറിവ് വൈകാതെ തന്നെ ഋഷഭിന് ഉള്ളില്‍ ഉടലെടുത്തു.
 
എന്നാല്‍ സിനിമ മേഖലയില്‍ ആരും തന്നെ പരിചയമില്ല. സ്വയം വഴിവെക്കുക അല്ലാതെ വേറെ മാര്‍ഗം ഉണ്ടായിരുന്നില്ല അദ്ദേഹത്തിന് മുന്നില്‍. തന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി പല പണികള്‍ അതിനിടയ്ക്ക് പ്രശാന്ത് ചെയ്തു. ഹോട്ടല്‍ ജോലിയും കുടിവെള്ള വിതരണവും തുടങ്ങി റിയല്‍ എസ്റ്റേറ്റ് വരെ ജോലികള്‍ പലത് ചെയ്തു. ഈ കാലയളവില്‍ തന്നെ ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പ്രശാന്ത് ഷെട്ടി സംവിധാനത്തില്‍ ഡിപ്ലോമയും സ്വന്തമാക്കി.
 
ആദ്യം ക്ലാപ് ബോയിയായി ആണ് നടന്‍ തുടങ്ങിയത്.സംവിധാന സഹായിയായുമൊക്കെ ജോലികളും നോക്കി. നല്ലൊരു വേഷം കിട്ടിയത് 2012ലെ സിനിമ തുഗ്ലക്ക് ആയിരുന്നു.
 
തുടര്‍ന്ന് 2016 ല്‍ കൂട്ടുകാരനായ രക്ഷിത് ഷെട്ടിയെ നായകനാക്കി സംവിധായകനായി റിക്കിയിലൂടെ അരങ്ങേറ്റം കുറിച്ചു.പക്ഷെ സിനിമ വിജയമായില്ല. അതേ വര്‍ഷം തന്നെ കിര്‍ക്ക് പാര്‍ട്ടിയുടെ സംവിധായകനായി ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചെടുക്കാനും താരത്തിനായി. തുടര്‍ന്ന് പേര് മാറ്റി സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലൈ, കാസര്‍ഗോഡ് കൊടുഗേ രാമണ്ണ റായ് തുടങ്ങിയ സിനിമകളും ചെയ്തു. കുട്ടികളുടെ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.
 
ഋഷഭ് ഷെട്ടി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ബെല്‍ബോട്ടം. 2019ല്‍ പുറത്തിറങ്ങിയ സിനിമ വിജയമായി.ആരാധകര്‍ക്ക് നടന്റെ ഫേവറേറ്റ് ഗരുഢ ഗമന വൃഷഭയാണ്.മിഷന്‍ ഇംപോസിബിളിനു പുറമേ കന്നഡ താരം ഹരികാതെ അല്ല ഗിരികാതെയിലും വേഷമിട്ടു. തുടര്‍ന്നാണ് ഇന്ത്യന്‍ സിനിമ ലോകം കണ്ട വന്‍ വിജയം നേടിയ സിനിമയായ ചിത്രം കാന്താരയുടെ പിറവി.
 
 
 
  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍