Prithviraj, The Real Hero: 'രാജപ്പന്‍' വിളിയില്‍ നിന്ന് മലയാളത്തിന്റെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായി വളര്‍ച്ച; നജീബിനായി പട്ടിണി കിടന്ന പൃഥ്വിരാജ് !

Nelvin Gok

വെള്ളി, 16 ഓഗസ്റ്റ് 2024 (16:01 IST)
Prithviraj - State Award for Best Actor

Prithviraj, The Real Hero: ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' കേരളവും കടന്ന് ചര്‍ച്ചയായ സിനിമയാണ്. പൃഥ്വിരാജ് ഇല്ലായിരുന്നെങ്കില്‍ 'ആടുജീവിതം' സിനിമയാകില്ലെന്ന് മലയാളികള്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു. കാരണം ആടുജീവിതത്തിലെ നജീബ് ആകാന്‍ പൃഥ്വി എടുത്ത പരിശ്രമങ്ങള്‍ക്ക് മുകളില്‍ ഇന്ത്യയിലെ ഒരു നടനും പോകാന്‍ പറ്റില്ല. നജീബ് എന്ന കഥാപാത്രത്തിനു പൂര്‍ണത ലഭിക്കാന്‍ സ്വന്തം ശരീരത്തെ പോലും പൃഥ്വി പരീക്ഷണ വസ്തുവാക്കി. പട്ടിണി കിടന്നും അപകടകരമാം വിധം ശരീരഭാരം കുറച്ചും പൃഥ്വി നജീബിനായി സ്വയം സമര്‍പ്പിച്ചു. അതിന്റെ ഫലമാണ് പൃഥ്വിരാജിന് ആടുജീവിതം റിലീസ് ചെയ്ത ശേഷം കിട്ടിയ ഓരോ കൈയടിയും, ഒടുവില്‍ അത് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിലും എത്തിനില്‍ക്കുന്നു..! 
 
വിവാദങ്ങളിലൂടെ കരിയറിനു തുടക്കമിട്ട നടനാണ് പൃഥ്വിരാജ്. സുകുമാരന്റെയും മല്ലികയുടെയും മകനായിട്ടു കൂടി പൃഥ്വിരാജിനെ ഒതുക്കാന്‍ മലയാളത്തില്‍ പലരും ശ്രമിച്ചിരുന്നെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. സാക്ഷാല്‍ തിലകന്‍ തന്നെ അത്തരത്തിലൊരു പരാമര്‍ശം ഒരിക്കല്‍ നടത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് ചിലര്‍ ആളെ വിട്ട് കൂവിക്കുന്നു എന്നായിരുന്നു ഒരു അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞത്. പൃഥ്വിരാജ് ഡയലോഗ് പറയുമ്പോഴേക്കും കൂവല്‍ തുടങ്ങും. 'നീയൊന്നും അങ്ങനെ വളരാറായിട്ടില്ല' എന്ന മനോഭാവമായിരുന്നു പൃഥ്വിവിനോട് പലര്‍ക്കുമെന്ന് തിലകന്‍ അന്ന് തുറന്നടിച്ചു. 
 
കരിയറിന്റെ തുടക്കം മുതല്‍ തന്റെ സിനിമാ ജീവിതം ഏത് ട്രാക്കില്‍ പോകണമെന്ന് പൃഥ്വിരാജിന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. പക്ഷേ മലയാളികള്‍ക്ക് പൃഥ്വി പറയുന്ന കാര്യങ്ങള്‍ തിരിയാന്‍ സമയമെടുത്തു. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ അവരുടെ ആരാധകര്‍ക്ക് അത് ദഹിച്ചില്ല. ഈ പരാമര്‍ശത്തിന്റെ പേരില്‍ പൃഥ്വി അന്ന് നേരിട്ട ട്രോളുകളും വിമര്‍ശനങ്ങളും ചില്ലറയല്ല. 
 
ഫെയ്സ്ബുക്ക് സജീവമാകുന്ന കാലത്ത് മലയാളികളുടെ ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നു പൃഥ്വിരാജ്. 'രാജപ്പന്‍' എന്നു വിളിച്ച് അധിക്ഷേപിച്ചപ്പോഴും തന്റെ കരിയറില്‍ മാത്രം ശ്രദ്ധിച്ച് രാജു മുന്നോട്ടു പോയി. കളിയാക്കുന്നവരെല്ലാം തന്റെ സിനിമയ്ക്കായി ക്യൂ നില്‍ക്കുമെന്ന കോണ്‍ഫിഡന്‍സ് അന്നേ പൃഥ്വിരാജിന് ഉണ്ടായിരുന്നു. ആ കോണ്‍ഫിഡന്‍സാണ് പൃഥ്വിരാജിനെ മലയാളത്തിന്റെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായി ഉയര്‍ത്തിയത്. അന്ന് ട്രോളിയവരെല്ലാം ഇന്ന് പൃഥ്വിരാജിന്റെ ഓരോ നേട്ടത്തിലും പിശുക്കില്ലാതെ പ്രശംസിക്കുന്നു. സിനിമയുടെ സകല മേഖലകളിലും ഇന്ന് പൃഥ്വിരാജ് എന്ന പേരുണ്ട്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായി മാറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്..!
 
അഭിനയത്തിനുമപ്പുറം ഒരു സിനിമയുടെ പൂര്‍ണതയ്ക്കു വേണ്ടി പൃഥ്വിരാജ് നടത്തിയ സ്വയം സമര്‍പ്പണത്തിന്റെ ഫലം കൂടിയാണ് ഈ സംസ്ഥാന അവാര്‍ഡ്. ആടുജീവിതത്തില്‍ പൂര്‍ണ നഗ്‌നനായി നില്‍ക്കുന്ന പൃഥ്വിരാജിന്റെ റിവീലിങ് സീന്‍ തിയറ്ററില്‍ എല്ലാവരേയും ഞെട്ടിച്ചതാണ്. പൃഥ്വിരാജിന്റെ മെലിഞ്ഞ ശരീരം പൂര്‍ണമായി ഈ സീനില്‍ കാണിക്കുന്നുണ്ട്. ഇതിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ക്യാമറമാന്‍ സുനില്‍ കെ.എസ്. ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. 
 
ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി മൂന്ന് ദിവസമാണ് പൃഥ്വിരാജ് പട്ടിണി കിടന്നത്. പൂര്‍ണമായി ഭക്ഷണം ഒഴിവാക്കി. വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ തലേന്ന് വെള്ളം കുടിയും നിര്‍ത്തി. 12 മണിക്കൂറോളം പൂര്‍ണമായി വെള്ളവും ഒഴിവാക്കി. ശരീരത്തില്‍ ബാക്കിയുള്ള ജലാംശം കൂടി വലിച്ചെടുക്കാന്‍ 30 മില്ലി വോഡ്ക കൂടി കുടിച്ചു. ഷോട്ടിനു വേണ്ടി പൃഥ്വിരാജിനെ കസേരയില്‍ ഇരുത്തിയാണ് കൊണ്ടുവന്നത്. അത്രത്തോളം ക്ഷീണിതനായിരുന്നു. മാര്‍ക്ക് ചെയ്തുവെച്ച സ്ഥലത്ത് പൃഥ്വിയെ കൊണ്ടുവന്ന് നിര്‍ത്തി ആ ഷോട്ട് എടുത്തു. ഈയൊരു സീന്‍ മാത്രമാണ് അന്ന് എടുത്തത്. പൃഥ്വി അത്രത്തോളം ക്ഷീണിതനായിരുന്നെന്നും സുനില്‍ പറഞ്ഞു. നജീബിനായി ഇത്രത്തോളം സഹിച്ച പൃഥ്വിരാജ് അല്ലാതെ മറ്റാര്‍ക്കാണ് ജൂറി ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നല്‍കേണ്ടത്..! 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍