നിതീഷ് തിവാരിയുടെ രാമായണത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഒരു വമ്പൻ ദൃശ്യാവിഷ്കാരമായിരിക്കും രാമായണമെന്ന കാര്യത്തിൽ സംശയമില്ല. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
രണ്ട് ഭാഗങ്ങളായി ആണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ബജറ്റിനെ സംബന്ധിച്ച പല റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവായ നമിത് മൽഹോത്ര. 1000 കോടിയാണ് സിനിമയുടെ ബജറ്റ് എന്നായിരുന്നു പ്രചാരണം. എന്നാൽ, ഇത് ബജറ്റിന്റെ 25 ശതമാനം മാത്രമാണ്.
ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ചേർന്നുള്ള ബജറ്റ് 4000 കോടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നമിത്. പ്രഖർ ഗുപ്തയുമായി നടത്തിയ അഭിമുഖത്തിലാണ് നമിത് രാമായണയുടെ ശരിക്കുള്ള ബജറ്റിനെക്കുറിച്ച് മനസുതുറന്നത്. 'ലോകത്തിലെ ഏറ്റവും വലിയ സിനിമ, ഏറ്റവും വലിയ കഥ, ലോകം കാണേണ്ട ഏറ്റവും വലിയ ഇതിഹാസം നിർമിക്കാനാണ് എന്റെ ശ്രമം', നമിത് പറഞ്ഞു.
അതേസമയം, രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്.