മോഹന്‍ലാല്‍ ചിത്രം 'ചന്ദ്രലേഖ' കോപ്പിയടിച്ചതാണോ? ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് പ്രിയദര്‍ശന്‍

ശനി, 4 സെപ്‌റ്റംബര്‍ 2021 (15:22 IST)
മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി സിനിമകളാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കോംബിനേഷനില്‍ പിറന്നിട്ടുള്ളത്. അതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സിനിമയാണ് ചന്ദ്രലേഖ. 1997 സെപ്റ്റംബര്‍ നാലിനാണ് ചന്ദ്രലേഖ റിലീസ് ചെയ്തത്. ചന്ദ്രലേഖ ആ വര്‍ഷം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. ചന്ദ്രലേഖ പ്രിയദര്‍ശന്‍ കോപ്പിയടിച്ചതാണെന്ന് പില്‍ക്കാലത്ത് ആരോപണമുയര്‍ന്നു. ഒരിക്കല്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ പ്രിയദര്‍ശനോട് അവതാരകന്‍ ഇതേ കുറിച്ച് ചോദിച്ചിരുന്നു. ഇതിനു പ്രിയദര്‍ശന്‍ രൂക്ഷമായാണ് മറുപടി നല്‍കിയത്. 
 
'കോപ്പിയടിയാണെന്ന് പറയുന്ന ചില സിനിമകളുണ്ട്. ചന്ദ്രലേഖ അതില്‍ ഒന്നാണ്. ഹോളിവുഡ് ചിത്രം 'വൈല്‍ യൂ വേര്‍ സ്ലീപ്പിംഗ്' എന്ന സിനിമയെ പോലെ തോന്നും. എന്നാല്‍ ആ സിനിമയുടേത് വേറൊരു കഥയാണ്. ഞാന്‍ ആ കഥയല്ലാതെ അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചന്ദ്രലേഖ എടുത്തത്. 'കോണ്‍ക്വേര്‍സ് ഓഫ് ദി ഗോള്‍ഡന്‍ സിറ്റി'യാണ് 'നഗരമേ നന്ദി' എന്ന് പറഞ്ഞ് എംടി സാറിനെ കുറ്റപ്പെടുത്തിയ ആള്‍ക്കാരാണ് ഈ നാട്ടിലുളളത്. 'ഡേയ്സ് ഓഫ് മാത്യൂസ്' ആണ് 'കൊടിയേറ്റം' എന്ന് പറഞ്ഞ് അടൂര്‍ സാറിനെ കുറ്റപ്പെടുത്തിയ ആള്‍ക്കാരുമുണ്ട്. ഇതില്‍ എത്ര സത്യമുണ്ട്, സത്യമില്ല എന്നൊന്നും എനിക്കറിയില്ല. അവര്‍ക്ക് വരെ ഈ പ്രശ്നമുണ്ടെങ്കില്‍ എനിക്ക് എന്തുക്കൊണ്ട് ഇത് ആയിക്കൂടാ. അവരെ കുറിച്ച് വരെ അപവാദം പറയുന്നുണ്ടെങ്കില്‍ എന്നെ കുറിച്ച് അപവാദം പറയുന്നതില്‍ തെറ്റില്ല. ഞാന്‍ ഒരിക്കലും ഒരു സിനിമയെ അതേപോലെ എടുത്ത് റീമേക്ക് ചെയ്തിട്ടില്ല. എല്ലാം പ്രചോദനമുള്‍ക്കൊണ്ട് ചെയ്യുന്നതാണ്. റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൊടുക്കുന്ന പെണ്‍കുട്ടി ട്രാക്കില്‍ വീണ ഒരാളെ എടുത്ത് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇതാണ് ഹോളിവുഡ് ചിത്രത്തിന്റെ കഥ. ഇതും ചന്ദ്രലേഖയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ഞാന്‍ ശരിക്കും പ്രചോദനമുള്‍ക്കൊണ്ടത് ആ ഹോളിവുഡ് ചിത്രത്തില്‍ നിന്നുമാണ്. പക്ഷേ രണ്ട് കഥകളും വ്യത്യസ്തമായ കഥകളുളള സിനിമകളാണ്,' പ്രിയദര്‍ശന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍