Prithviraj: ഇത് ചോക്ലേറ്റിലെ പൃഥ്വിരാജ് അല്ലേ? പുത്തൻ ലുക്കിൽ സ്റ്റൈലായി പൃഥ്വിരാജ്; വൈറലായി ചിത്രങ്ങൾ

നിഹാരിക കെ.എസ്

ബുധന്‍, 13 ഓഗസ്റ്റ് 2025 (14:47 IST)
സൂപ്പർ ഹിറ്റ് ചിത്രം ടർബോയ്ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന സിനിമയാണ് ഖലീഫ. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയിൽ പൃഥ്വിരാജ് ആണ് നായകൻ. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ലണ്ടനിൽ നടക്കുകയാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന ലൊക്കേഷൻ സ്റ്റില്ലുകൾക്കെല്ലാം വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
 
2007 ൽ ഷാഫിയുടെ സംവിധാനത്തിൽ പുറത്തുവന്ന ചോക്ലേറ്റ് എന്ന സിനിമയിലെ ലുക്കിനെ ഓർമിപ്പിക്കും വിധമാണ് പൃഥ്വിരാജിന്റെ ഖലീഫയിലെ ലുക്ക്. ചാരനിറത്തിലുള്ള ഷർട്ട് ധരിച്ചുള്ള പൃഥ്വിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് പൃഥ്വിയുടെ ഈ പുതിയ ലുക്ക് വൈറലായത്. ചോക്ലേറ്റിലെ പൃഥ്വിരാജിനെ പോലെ തന്നെയുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
 
ഒരു പക്കാ സ്റ്റൈലിഷ് മാസ്സ് പടമാണ് ഖലീഫ എന്നാണ് സൂചന. നിലവിൽ ലണ്ടനിൽ പത്ത് ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 15 വർഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ. വൈശാഖിന്റെ ആദ്യ സിനിമയായ 'പോക്കിരിരാജ'യിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിയും ഒരു പ്രധാന നായക കഥാപാത്രമായി എത്തിയിരുന്നു. ആമിർ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിൻറെ രചയിതാവ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍