പൃഥ്വിരാജിനെ തള്ളിമാറ്റി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നസ്രിയയുടെ കുസൃതി; ചിരിയടക്കാന്‍ സാധിക്കാതെ പൃഥ്വി, വീഡിയോ

വെള്ളി, 24 ഡിസം‌ബര്‍ 2021 (14:54 IST)
വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തെങ്കിലും നസ്രിയ നസീം എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. താരത്തിന്റെ കുസൃതികളും കുറുമ്പും മലയാളികളെ ചിരിപ്പിക്കാറുണ്ട്. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പൃഥ്വിരാജിനെ തള്ളിമാറ്റി കുസൃതി കാട്ടുന്ന നസ്രിയയെ ഈ വീഡിയോയില്‍ കാണാം. 
 
ഇന്ത്യയുടെ 1983 ലെ ലോകകപ്പ് ക്രിക്കറ്റ് വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ബോളിവുഡ് സിനിമ '83' യുടെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് 83 കേരളത്തില്‍ എത്തിക്കുന്നത്. 83 യുടെ പ്രിവ്യു കാണാന്‍ നസ്രിയയ്ക്കും പൃഥ്വിരാജിന്റെ ക്ഷണം ഉണ്ടായിരുന്നു. നസ്രിയ മാത്രമല്ല അമലാ പോള്‍ അടക്കം മലയാള സിനിമയിലെ ഒട്ടനവധി താരങ്ങള്‍ പൃഥ്വിയുടെ ക്ഷണപ്രകാരം പിവിആറില്‍ പ്രിവ്യു കാണാന്‍ എത്തിയിരുന്നു. സിനിമ കണ്ട് പുറത്തിറങ്ങിയ പൃഥ്വിരാജ് മാധ്യമങ്ങളോട് സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയുന്നതിനിടെ ഇടിച്ചു കയറി എത്തി നസ്രിയ കാണിച്ച കുറുമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
 


മാധ്യമങ്ങളോട് സിനിമയെ കുറിച്ച് വളരെ ഗൗരവത്തില്‍ സംസാരിക്കുന്ന പൃഥ്വിരാജിനെ വീഡിയോയില്‍ കാണാം. സംസാരിച്ച ശേഷം പോകാനൊരുങ്ങിയ പൃഥ്വിരാജിനെ വലിച്ചുകൊണ്ട് വന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ച് എല്ലാവരും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണത്തിന് എത്തിച്ച 83 കാണണമെന്നാണ് നസ്രിയ ആവശ്യപ്പെടുന്നത്. നസ്രിയയുടെ ഈ കുറുമ്പ് കണ്ട് പൃഥ്വിരാജിന് ചിരിയടക്കാന്‍ സാധിച്ചില്ല. പൃഥ്വിരാജിന് മാത്രമല്ല ഈ വീഡിയോ കണ്ട ആര്‍ക്കായാലും നസ്രിയയുടെ കുസൃതി കണ്ട് ചിരി വരും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍