ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, പുതിയ മുഖം തുടങ്ങിയ കാമ്പസ് പ്രണയ ചിത്രങ്ങൾ വൻവിജയമായിരുന്നു. എന്നാൽ ഇനി അത്തരം ചിത്രത്തിൽ താൻ അഭിനയിക്കില്ലെന്ന് നടൻ പൃഥ്വിരാജ് വ്യക്തമാക്കി. ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ജയിംസ് ആൻഡ് ആലീസ് ആണ് ഇനി പുറത്തിറങ്ങാനുള്ള പൃഥ്വിരാജ് ചിത്രം. തന്റെ പ്രായത്തിനും പക്വതയ്ക്കും ചേരുന്ന കഥാപാത്രങ്ങളെ മാത്രമേ ഇനി സ്വീകരിക്കുകയുള്ളുവെന്നും താരം വ്യക്തമാക്കി.
ജയിംസ് ആൻഡ് ആലീസിലെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിൽ 24 വയസ്സു മുതൽ 35 വയസ്സുവരെയുള്ള കാലഘട്ടം കാണിക്കുന്നുണ്ട്. അതിനോടൊപ്പം 35 വയസ്സ് കണിക്കുന്നത് കൊണ്ടാണ് അത് ഏറ്റെടുത്തതെന്നും താരം അറിയിച്ചു. കാമ്പസ് ചിത്രങ്ങളിൽ അഭിനയിക്കാൻ പറ്റിയ പ്രായമല്ല തനിക്കുള്ളതെന്നും അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്ത് തനിയ്ക്ക് ബോറടിച്ചുവെന്നുമാണ് പൃഥ്വി പറയുന്നത്.
ജയിംസ് ആൻഡ് ആലീസിൽ വേദികയാണ് പൃഥ്വിരാജിന്റെ നായിക. ധാർമിക് ഫിലിംസിന്‍റെ ബാനറിൽ ഡോ.എസ് സജികുമാറും കൃഷ്ണൻ സേതുകുമാർ ചേർന്നാണ് നിർമാണം. ഗോപിസുന്ദറാണ് സംഗീതം.