തല അജിത്തിന്‍റെ ‘നേര്‍ക്കൊണ്ട പാര്‍വൈ’ - ഒഫിഷ്യല്‍ ട്രെയിലര്‍

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (18:30 IST)
തല അജിത് കഴിഞ്ഞ കുറേക്കാലമായി അദ്ദേഹത്തിന്‍റെ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ സത്യമില്ലാതില്ല. കഴിഞ്ഞ നാല് ചിത്രങ്ങള്‍ ശിവ സംവിധാനം ചെയ്ത മാസ് മസാല പടങ്ങളായിരുന്നു. അവ നാലും പ്രേക്ഷകരെ വലിയ തോതില്‍ തൃപ്തിപ്പെടുത്തിയുമില്ല.
 
എന്നാല്‍ അത്തരം എല്ലാ കുറ്റപ്പെടുത്തലുകളെയും മറികടക്കുന്ന രീതിയില്‍ ഒരു സിനിമയുമായാണ് ഇനി അജിത് വരുന്നത്. ‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ആ സിനിമ അമിതാഭ് ബച്ചന്‍ നായകനായ ‘പിങ്ക്’ എന്ന ഹിന്ദി സിനിമയുടെ തമിഴ് റീമേക്കാണ്. ‘തീരന്‍ അധികാരം ഒണ്‍‌ട്ര്’ എന്ന മെഗാഹിറ്റ് സിനിമയൊരുക്കിയ എച്ച് വിനോദ് ആണ് സംവിധായകന്‍. 
 
നേര്‍ക്കൊണ്ട പാര്‍വൈയുടെ ട്രെയിലര്‍ സീ മ്യൂസിക് പുറത്തിറക്കി. ഒരു അസാധാരണ ത്രില്ലറായിരിക്കും ഈ സിനിമ എന്നത് ട്രെയിലര്‍ തന്നെ കാണിച്ചുതരുന്നുണ്ട്. ബോണി കപൂര്‍ നിര്‍മ്മിച്ച സിനിമ നടി ശ്രീദേവിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.
 
ഒരു കോര്‍ട്ട് റൂം ഡ്രാമ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട പിങ്ക് അജിത്തിന്‍റെ ഇമേജിന് അനുസരിച്ച് അധികം കൂട്ടിച്ചേര്‍ക്കലുകളൊന്നും ഇല്ലാതെയാണ് നേര്‍ക്കൊണ്ട പാര്‍വൈ ആയി മാറുന്നത്. നീരവ് ഷായുടെ ഛായാഗ്രഹണത്തില്‍ ഒരുങ്ങുന്ന സിനിമയുടെ സംഗീതം യുവന്‍ ഷങ്കര്‍ രാജയാണ്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ ഒരു നായിക.

അനുബന്ധ വാര്‍ത്തകള്‍

Next Article