അജിത് ഡോവൽ സേനയുമായി ചര്‍ച്ച നടത്തി, ഒരുങ്ങിക്കോളാന്‍ പ്രധാനമന്ത്രി; ഇനി മറ്റൊരു സർജിക്കൽ സ്ട്രൈക്ക് ?

വെള്ളി, 15 ഫെബ്രുവരി 2019 (15:06 IST)
പാക് ഭരണകൂടത്തിന്റെ സഹായത്തില്‍ തടിച്ചുകൊഴുത്ത ഭീകരര്‍ ഇന്ത്യയുടെ മേല്‍ വീണ്ടും മുറിവേല്‍പ്പിച്ചു. രാജ്യത്തെ നടുക്കിയ മറ്റൊരു ഭീകരാക്രമണമാണ് ജമ്മു കശ്‌മീരിലെ പുൽവാമയിലുണ്ടായത്. 2016ലെ ഉറി ഭീകരാക്രമണത്തേക്കാൾ വലിയ ആഘാതം.

പുല്‍‌വാമയിലെ വേദനയ്‌ക്ക് രാജ്യം ഒറ്റക്കെട്ടായതോടെ വീണ്ടുമൊരു സർജിക്കൽ സ്ട്രൈക്കിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഭീകരർക്ക് തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി കഴിഞ്ഞു. സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും മറ്റൊരു ചര്‍ച്ചയ്‌ക്കും ഇപ്പോള്‍ സ്ഥാനമില്ലെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു.

ഇതോടെയാണ് പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചനകളുയര്‍ന്നത്. ഉന്നത കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളും അപ്രകാരമാണ്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ സേനാ വിഭാഗങ്ങളുമായും സുരക്ഷാ ഏജൻസികളുമായും കൂടിക്കാഴ്‌ച നടത്തിയത് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

തിരിച്ചടി എങ്ങനെയെന്ന തീരുമാനം സൈന്യത്തിന് വിട്ടുവെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. പിന്നാലെ അജിത് ഡോവൽ സേനാ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ച തിരിച്ചടിക്ക് ഒരുങ്ങുന്നതിന്റെ സൂചനയാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്ഥാന് നൽകിയിരുന്ന സൗഹൃദരാഷ്ട്ര പദവി (മോസ്റ്റ് ഫേവേർഡ് നേഷൻ) നീക്കിയതും വാഗാ അതിർത്തി വഴിയുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതും പാകിസ്ഥാനുള്ള മുന്നറിയിപ്പാണ്.

ഇതിനൊപ്പം ആഴത്തിലുള്ള അന്വേഷണവും നടക്കും. സ്‌ഫോടനത്തിന് ഉപയോഗിച്ച 350 കിലോയോളം വസ്‌തുക്കള്‍ എവിടെ നിന്ന് ലഭിച്ചു പാകിസ്ഥാന് എന്താണ് പങ്ക് എന്നീ മേഖലകളിലും അന്വേഷണം നടക്കും. കശ്‌മീരില്‍ നിന്ന് ഭീകരര്‍ക്ക് സഹായം ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍