കൊത്തയുടെ പരാജയത്തിന് ശേഷം ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐ.ആം.ഗെയിം. ഒരിടവേളയ്ക്ക് ശേഷം നടൻ ദുൽഖർ സൽമാൻ നായകനായെത്തുന്ന മലയാള ചിത്രമാണ് ഇത്. 2023 ഓഗസ്റ്റിലാണ് ദുൽഖറിന്റേതായി ഒരു മലയാള സിനിമ റിലീസ് ആയത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ ഇതുവരെ ജോയിൻ ചെയ്തിട്ടില്ല.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. ഓഗസ്റ്റിൽ ദുൽഖർ സൽമാൻ ഐ ആം ഗെയിം എന്ന സിനിമയുടെ കൊച്ചി സെറ്റിൽ ജോയിൻ ചെയ്യും. പെപ്പയുടെ ലുക്ക് സിനിമയിൽ ഉടനീളം അത് തന്നെ ആയിരിക്കുമെന്നും നഹാസ് പറഞ്ഞു.
ആർഡിഎക്സ് സിനിമ കഴിഞ്ഞ ഉടൻ തന്നെ ഐ ആം ഗെയിം സിനിമയുടെ കാര്യം ദുൽഖറുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുൽഖർ നിർമിക്കുന്ന ലോക എന്ന ചിത്രം ഗംഭീരമായിരിക്കുമെന്നും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ സുഹൃത്തുക്കൾ ആണെന്നും നഹാസ് പറഞ്ഞു. സിനിമയെക്കുറിച്ച് മറ്റൊന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിമിന് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്.