Mammootty and Dulquer Salman: ദുൽഖറിന്റെ കരിയറിൽ മമ്മൂട്ടിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യമിത്!

നിഹാരിക കെ.എസ്

ശനി, 28 ജൂണ്‍ 2025 (12:56 IST)
സെക്കൻഡ് ഷോയിലൂടെയായിരുന്നു ദുൽഖർ തന്റെ അരങ്ങേറ്റം കുറിച്ചത്. മകന്റെ അരങ്ങേറ്റത്തിന് മമ്മൂട്ടി കാര്യമായ പ്രൊമോഷനൊന്നും നൽകിയിരുന്നില്ല. ഇന്ന് മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ദുൽഖറിന് വലിയൊരു ഫാൻ ബേസ് തന്നെയുണ്ട്. വളരെ സെലക്ടീവ് ആയിട്ടാണ് നടൻ സിനിമകൾ ചെയ്യുന്നത്. 
 
ഇക്കാര്യത്തിൽ മമ്മൂട്ടി നേരെ തിരിച്ചാണ്. കഴിയുന്നത്ര സിനിമകളിൽ അഭിനയിക്കണം എന്നതാണ് തന്റെ ചിന്ത എന്ന് പലപ്പോഴും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഏതൊക്കെ സിനിമകൾ ആണ് മകൻ ചെയ്യുന്നതെന്ന് മമ്മൂട്ടി അറിയാറുണ്ട്. പക്ഷെ, അതിനപ്പുറത്തേക്ക്, മറ്റൊരു കാര്യങ്ങളിലും ഇടപെടാനും, മകനൊപ്പം സിനിമയിൽ ഒന്നിക്കാനും അദ്ദേഹം ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ല. താൻ ചെയ്യുന്ന സിനിമകളുടെ എണ്ണത്തിന്റെ കാര്യത്തിൽ വാപ്പച്ചിക്ക് ചെറിയ പരിഭവമുണ്ടെന്ന് ദുൽഖർ മുൻപ് അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. 
 
തന്റെ കരിയറിൽ ഒട്ടും തന്നെ ഇടപെടാൻ താത്പര്യമില്ലാത്ത വ്യക്തിയാണ് തന്റെ വാപ്പച്ചി എന്ന് ദുൽഖർ സൽമാൻ വെളിപ്പെടുത്തിയിരുന്നു. തന്റെ കരിയർ പൂർണ്ണമായും തന്റെ മാത്രം നിയന്ത്രണത്തിലാണ്. മുൻപ് റാണ ദഗ്ഗുബതി ഷോയിൽ പ്രത്യക്ഷപ്പെട്ട ദുൽഖർ തന്റെ പിതാവ് മമ്മൂട്ടിക്ക് കരിയറിൽ ഉള്ള വേഗതയെക്കുറിച്ച് സംസാരിച്ചിരുന്നു
 
'വാപ്പച്ചി സിനിമകൾ പൂർത്തിയാക്കുന്നു, യാത്രകൾ പോകുന്നു, തിരിച്ചുവരുന്നു, മറ്റൊരു സിനിമ പൂർത്തിയാക്കുന്നു, ആവർത്തിക്കുന്നു. ഞാൻ കൂടുതൽ സിനിമകൾ ചെയ്യണമെന്നാണ് വാപ്പച്ചി ആഗ്രഹിക്കുന്നത്. നമ്മുടെ തലമുറ ചർച്ച ചെയ്യാനും, ഒരു സിനിമ നിർമ്മിക്കാനും, അത് നന്നാക്കാനും വളരെയധികം സമയമെടുക്കും. പക്ഷെ വാപ്പച്ചിക്ക് അതൊന്നും മനസ്സിലാകാറില്ല. വാപ്പച്ചി പറയുന്നത്, 'നീ നിന്റെ ജോലി ചെയ്യുക. പിന്നെ ആ സിനിമയോട് ഡിസ്കണക്‌ട് ആയി അടുത്ത പ്രോജക്റ്റ് തുടങ്ങുക. ഇപ്പോഴും അടുത്ത സിനിമ തീരുമാനിച്ചു വച്ചിരിക്കണം' എന്നാണ്', ദുൽഖർ സൽമാൻ പറഞ്ഞു. 
 
ദുൽഖർ സൽമാൻ എന്താണ് മലയാളത്തിൽ അധികം സിനിമകൾ ചെയ്യാത്തത് എന്ന ആശങ്കയും മമ്മൂട്ടിക്കുണ്ട്. "നിനക്ക് മലയാളം സിനിമ ചെയ്യാൻ വയ്യെങ്കിൽ എന്റെ വീട്ടിൽ താമസിക്കാൻ പറ്റില്ല," എന്ന് ഒരിക്കൽ തമാശയായി വാപ്പച്ചി തന്നോട് പറഞ്ഞിരുന്നുവെന്നും ദുൽഖർ അന്ന് അഭിമുഖത്തിൽ പറഞ്ഞു. മകൻ ധാരാളം സിനിമകളിൽ അഭിനയിക്കണം എന്നും, അതിൽ കൂടുതലും മലയാളത്തിൽ ആവണമെന്നുമാണ് മമ്മൂട്ടിയുടെ ആഗ്രഹം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍