ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് നിലപാടുകളുടെ പേരില്‍ ആടിയുലഞ്ഞ താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ സംഘടനയുടെ തലപ്പത്തുള്ള താരങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംഘടനയുടെ ഭരണനേതൃത്വം പിരിച്ചുവിട്ടത്. മോഹന്‍ലാലായിരുന്നു സംഘടനയുടെ പ്രസിഡന്റ്. സംഘടന പിരിച്ചുവിട്ടതോടെ നിലവിലെ നേതൃത്വം അടുത്ത തിരെഞ്ഞെടുപ്പ് വരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചുവരികയാണ്.
അമ്മയുടെ പുതിയ ഭാരവാഹികളെ ഉടന്‍ തന്നെ തിരെഞ്ഞെടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അടുത്ത ജൂണില്‍ മാത്രമെ ഇത് നടക്കാന്‍ സാധ്യതയുള്ളത്. അഡ്‌ഹോക് കമ്മിറ്റിക്ക് ഒരു വര്‍ഷം മാത്രമാണ് ചുമതല വഹിക്കാനാവുക. അതിന് ശേഷം അമ്മ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുക്കും. സാധാരണ 3 വര്‍ഷത്തില്‍ ഒരിക്കലാണ് അമ്മ ജനറല്‍ ബോഡി ചേര്‍ന്ന് ഭാരവാഹികളെ തിരെഞ്ഞെടുക്കാറുള്ളത്. അത്തരത്തില്‍ കഴിഞ്ഞ ജൂണിലാണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്.
2021 മുതല്‍ അമ്മ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ കഴിഞ്ഞ തവണയും അധികാരത്തിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 25 വര്‍ഷമായി സംഘടന ഭാരവാഹിയായിരുന്ന ഇടവേള ബാബു ഒഴിയുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ ഭാരവാഹിത്വത്തില്‍ തുടരുകയായിരുന്നു. പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംഘടനയിലെ പ്രമുഖര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടായപ്പോള്‍ അമ്മ സംഘടനയുടെ നിലപാടുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിഷയത്തില്‍ അമ്മ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമായതോടെയാണ് സംഘടന ഭാരവാഹികള്‍ ഒന്നടങ്കം രാജിവെയ്ക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തത്.