ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച നിരവധി സിനിമകൾ റിലീസ് ആയിരുന്നു. എന്നാൽ, 2013 ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടില്ല. 11 വർഷമായി ആരാധകർ ഈ സംഗമത്തിനായി കാത്തിരിക്കുകയാണ്. പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി വെറും മാസങ്ങൾ മാത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിയ്ക്കുകയാണ്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിക്കുന്നുവെന്നായിരുന്നു റൂമർ. എന്നാൽ, പുഷ്പ 2 അടക്കമുള്ള ചിത്രങ്ങളുടെ തിരക്ക് ആയതിനാൽ ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. ചിത്രത്തിൽ താനും ഉണ്ടെന്നും ഉടൻ തന്നെ ഔദ്യോഗിക അനൗൺസ്മെന്റ് ഉണ്ടാകുമെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത കഥയും കഥാപശ്ചാത്തലവുമാണ് ഈ സിനിമയിൽ ഒരുങ്ങുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.
"മഹേഷ് നാരായണന് പടത്തില്‍ പറഞ്ഞിട്ടുണ്ട്. അത് സംഭവിക്കട്ടെ. അതില്‍ ഒരു അവസാന തീരുമാനം ഉണ്ടായിട്ടില്ല. കുറച്ച് മാറ്റങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകാം. അതിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്മെന്റ് ഉടനെ തന്നെ ഉണ്ടാകുമെന്ന് തോന്നുന്നു. ഞാനും ആ പ്രൊജക്ട് പ്രതീക്ഷിച്ചു ഇരിക്കുകയാണ്. വളരെ ആശ്ചര്യപ്പെടുത്തുന്ന ഒരു പ്രൊജക്ട് ആയിരിക്കും അത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും കഥാപശ്ചാത്തലവും എക്സ്പീരിയന്‍സും ആയിരിക്കും ആ സിനിമ. അതിന്റെ ഭാഗമാകാന്‍ സാധിക്കുന്നെങ്കില്‍ വലിയൊരു ഭാഗ്യമാണ്," കുഞ്ചാക്കോ ബോബന് പറഞ്ഞു.