കയ്യെത്തും ദൂരത്ത് ആയിരുന്നു ഫഹദ് ഫാസിലിന്റെ ആദ്യ സിനിമ. ഫാസിലിന്റെ മകൻ ആയിട്ടും ആദ്യ ചിത്രം പരാജയമായത് ഫഹദിനെ ചില പാഠങ്ങൾ ഒക്കെ പഠിപ്പിച്ചു. സിനിമ പഠിക്കാൻ ഫഹദ് വിദേശത്ത് പോയി. വർഷങ്ങൾ കഴിഞ്ഞ് തിരിച്ചുവന്നു. ആ വരവ് വെറുതെയായില്ല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഫഹദ് അഭിനയിച്ച് വിസ്മയിപ്പിക്കുകയാണ്. ബോളിവുഡിലുമുണ്ട് ഫഹദിനെ ആരാധകർ.
രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ, ഫഹദിനെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് കുമാർ. വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രമായ അയാൾ ഞാനല്ല എന്ന സിനിമയിൽ ഫഹദ് ആയിരുന്നു നായകൻ.
ഫഹദിനെ കുറിച്ച് നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഫഹദ് ഒരു ഉഗ്രൻ ഫിലിം മേക്കറാണ്. അത് എന്തായാലും ഭാവിയിൽ വരും. ഞാൻ കാണുന്ന അഭിമുഖങ്ങളിലെല്ലാം ഫഹദ് പറയാറുള്ളത് കാണുന്നുണ്ട്, ഫഹദ് ഒരു സിനിമ സംവിധാനം ചെയ്യില്ലെന്ന്. പക്ഷെ ഞാൻ വിശ്വസിക്കുന്നുണ്ട്. തീർച്ചയായും അവൻ ഒരു സിനിമ സംവിധാനം ചെയ്യും. ഇപ്പോൾ വേണമെന്നില്ല. കാരണം അവനിപ്പോൾ അഭിനയത്തിന്റെ തിരക്കിലാണ്. ഫഹദ് എന്ന നടന് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. പക്ഷെ അത് കഴിയുമ്പോൾ ഫഹദ് എന്തായാലും ഒരു സിനിമ ചെയ്യും എന്നുറപ്പാണ്,വിനീത് കുമാർ പറയുന്നു.