കാത്തിരുപ്പ് വെറുതെയായി, അക്കാര്യത്തിൽ വ്യക്തത വരുത്തി മോഹൻലാൽ

നിഹാരിക കെ എസ്

വെള്ളി, 8 നവം‌ബര്‍ 2024 (11:45 IST)
താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്ന് അറിയിച്ച് മോഹൻലാൽ. ഭാരവാഹിത്വം ഏൽക്കേണ്ടെന്ന് കുടുംബവും സുഹൃത്തുക്കളും ഉപദേശിച്ചതായാണ് റിപ്പോർട്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെയാണ് മോഹന്‍ലാല്‍ അടക്കമുള്ള സംഘടനയിലെ മുഴുവന്‍ അംഗങ്ങളും രാജി വച്ചത്.
 
നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പ് വരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്. പുതിയ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കാന്‍ സാധ്യയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ജൂണിലാകും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക കമ്മിറ്റിക്ക് ചുമതല വഹിക്കാനാവുക. നിലവിൽ മോഹൻലാൽ തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. എന്നാൽ, ജൂൺ വരെയേ ഇത് ഉണ്ടാവുകയുള്ളൂ. അടുത്ത ജൂണിൽ ആയിരിക്കും അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുക. 
 
അമ്മയില്‍ പുതിയ കമ്മിറ്റി വരുമെന്നും രാജി വച്ചവരെ തിരിച്ചു കൊണ്ടുവരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്നിന് അമ്മ ആസ്ഥാനത്ത് നടന്ന കുടുംബയോഗത്തിലായിരുന്നു നടന്‍ സംസാരിച്ചത്. അമ്മ തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിനുള്ള തുടക്കം താന്‍ കുറിച്ചു എന്നുമായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.
 
നിലവിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജഗദീഷ് തുടങ്ങിയവരുടെ പറുകളാണ് നേതൃത്വ നിരയിലേക്ക് ഉയർന്നു വരുന്നത്. തനിക്ക് അതിനുള്ള കഴിവ് ഇല്ലെന്ന് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിന്റെ പേര് നിർദേശിച്ചവരിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍