മലയാളത്തിൽ റീ റിലീസ് ട്രെൻഡ് തുടരുന്നു. മോഹൻലാൽ ആണ് റീ റിലീസിന് തുടക്കം കുറിച്ചത്. മോഹൻലാലിന്റെ ഛോട്ടാ മുംബൈ ആണ് മലയാളത്തിൽ നിന്നും അവസാനം റീ റിലീസ് ചെയ്യപ്പെട്ട സിനിമ. ജൂൺ ആറിന് ആയിരുന്നു മോഹൻലാൽ-അൻവർ റഷീദ് കോമ്പോയിൽ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലെത്തിയത്. ഏറെക്കുറെ ലിമിറ്റഡ് റീ റിലീസ് ആയി എത്തിയ ചിത്രം പ്രതീക്ഷിക്കാത്ത തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്തു. നാല് ദിവസം കൊണ്ട് രണ്ട് കോടിയ്ക്കടുത്താണ് സിനിമ നേടിയത്.
18 വർഷങ്ങൾക്കിപ്പുറവും ചിത്രം കണ്ട് ആഘോഷമാക്കിയവർ ഇനി കാത്തിരിക്കുന്നത് മോഹൻലാലിന്റെ അടുത്ത റീ റിലീസ് ചിത്രത്തിനായാണ്. 20 വർഷം മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ഉദയനാണ് താരം ആണ് ഇനി റീ റിലീസ് ചെയ്യാൻ പോകുന്നത്. ജൂൺ 20-നാണ് ചിത്രം എത്തുക. റിലീസ് സമയം ഏറെ പ്രശംസ പിടിച്ചുപറ്റിയ സിനിമയാണ് ഉദയനാണ് താരം.
മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു ഉദയനാണ് താരം. ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ ചിത്രത്തിലെ നടന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്. റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്.