Empuraan: എല്ലാം പൊട്ടിനിൽക്കുന്ന ലൈക്ക ഏറ്റെടുത്തപ്പോഴെ പ്രതീക്ഷിച്ചു, എമ്പുരാന് വേണ്ടത്ര പ്രമോഷനില്ല, എല്ലാം ലൈക്ക കാരണമെന്ന് മോഹൻലാൽ ആരാധകർ

അഭിറാം മനോഹർ

ചൊവ്വ, 11 മാര്‍ച്ച് 2025 (16:51 IST)
ഇന്ത്യന്‍ സിനിമയാകെ ചര്‍ച്ച ചെയ്യുന്ന സിനിമാ വ്യവസായം എന്ന നിലയില്‍ മലയാളത്തില്‍ നിന്നെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാണ് എമ്പുരാന്‍. ആദ്യഭാഗമായ ലൂസിഫര്‍ വലിയ വിജയമായതിനാല്‍ തന്നെ പാന്‍ ഇന്ത്യ റിലീസായാണ് സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് പുറമെ മറ്റ് ഇന്‍ഡസ്ട്രികളിലെയും പ്രമുഖ താരങ്ങള്‍ സിനിമയിലുണ്ട്. ക്യാരക്ടര്‍ പോസ്റ്റുകളുടെ റിലീസുമായി വളരെ മുന്‍പ് തന്നെ സിനിമയുടെ പ്രമോഷന്‍ ആരംഭിച്ചിരുന്നെങ്കിലും സിനിമ മാര്‍ച്ച് 27ന് റിലീസ് ചെയ്യാനിരിക്കെ പ്രമോഷനെല്ലാം ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലാണ്.
 
ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ആവശ്യത്തിന് പ്രമോഷന്‍ സിനിമയ്ക്ക് നല്‍കുന്നില്ല എന്നതില്‍ മോഹന്‍ലാല്‍ ആരാധകര്‍ കടുത്ത നിരാശയിലാണ് ആദ്യഭാഗം ലൂസിഫര്‍ വലിയ വിജയമായതിനാല്‍ മലയാളത്തില്‍ എമ്പുരാന്‍ സൂപ്പര്‍ ഹിറ്റടിക്കുമെന്ന് സംശയമില്ലെങ്കിലും പാന്‍ ഇന്ത്യന്‍ റിലീസാകുന്ന സിനിമയ്ക്ക് വേണ്ട പ്രമോഷന്‍ നിര്‍മാതാക്കള്‍ നല്‍കുന്നില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.
 
 ആശിര്‍വാദിന് പുറമെ ലൈക്ക പ്രൊഡക്ഷന്‍സാണ് സിനിമയുടെ നിര്‍മാണം. എന്നാല്‍ അടുത്തിടെ ഇറങ്ങിയ ലൈക്ക സിനിമകളെല്ലാം എട്ടുനിലയില്‍ പൊട്ടിയതാണ് എമ്പുരാന്‍ പ്രമോഷന്‍ മരവിക്കാന്‍ കാരണമെന്നാണ് ആരാധകര്‍ കരുതുന്നത്. കൂടാതെ എമ്പുരാന്റെ ഒടിടി അവകാശത്തെ സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 90 കോടി രൂപയാണ് ലൈക്ക ഒടിടി റൈറ്റ്‌സായി ചോദിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീ ബിസിനസില്‍ നിന്നും വലിയ തുക വരുന്നില്ലെന്നതിനാല്‍ തന്നെ എമ്പുരാന്‍ പ്രമോഷന്‍ പരുപാടികളും ഇതുവരെ ആരംഭിച്ചിട്ടില്ല.
 
 കേരളത്തിലെ സിനിമയുടെ കാര്യങ്ങളെല്ലാം തന്നെ ആശിര്‍വാദ് സിനിമാസ് ചെയ്യുമെങ്കിലും വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമ ലാഭകരമാക്കാന്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ സിനിമ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഇതിനിടെ സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് രാജമൗലി സിനിമയ്ക്കായി ഒഡീഷയിലാണ്. ഇതും എമ്പുരാന്‍ പ്രമോഷനെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ പ്രമോഷന്‍ ചത്ത നിലയിലാണെങ്കിലും ഒരു ട്രെയ്ലറിലൂടെ വീണ്ടും ഹൈപ്പ് സൃഷ്ടിക്കാനാകുമെന്ന് ആരാധകര്‍ കരുതുന്നു. 3 മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്ലറാകും വരും ദിവസങ്ങളില്‍ റിലീസ് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍