മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട് വന്നതുമുതൽ മഹേഷ് നാരായണൻ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് ആരംഭിച്ചത്. അതിനു പിന്നാലെ ലണ്ടൻ, ഡെൽഹി, ഹൈദരാബാദ് തുടങ്ങിയ വിവിധ രാജ്യാന്തര-ദേശീയ ലൊക്കേഷനുകളിലായി ചിത്രീകരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചു. ശ്രീലങ്കൻ ഷെഡ്യൂളിൽ മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ ഉൾപ്പെടുന്ന സീനുകളുടെ ചിത്രീകരണം ആകും നടക്കുക. ഈ ഷെഡ്യൂളിൽ മമ്മൂട്ടിയില്ല.