മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ചര്‍ച്ചയായ വാക്കുകളായിരുന്നു സിനിമയെ പറ്റി സുഷിന്‍ ശ്യാം നടത്തിയ പ്രതികരണം. മലയാള സിനിമയുടെ സീന്‍ മഞ്ഞുമ്മല്‍ മാറ്റുമെന്നായിരുന്നു സുഷിന്റെ വൈറലായ ആ വാക്കുകള്‍. സിനിമ റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ കൊണ്ട് തന്നെ ആഗോള ബോക്‌സോഫീസില്‍ 90 കോടിയോളം ഇതിനകം നേടികഴിഞ്ഞു. തമിഴ്‌നാട്ടിലാകട്ടെ ഒരു മലയാള സിനിമയ്ക്കും മുന്‍പ് ലഭിക്കാത്തത് പോലെയുള്ള സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
തമിഴ്‌നാടില്‍ റിലീസ് ചെയ്ത് ചെന്നൈ പോലുള്ള വന്‍ നഗരങ്ങളില്‍ മാത്രമായിരുന്നു ആദ്യ ദിവസങ്ങളില്‍ നേട്ടം കൊയ്‌തെങ്കില്‍ ഒരാഴ്ച പിന്നിട്ടതോടെ സിനിമ തമിഴ്‌നാട്ടിലെ ഓരോ കോണിലും എത്തിച്ചേര്‍ന്നു. മാര്‍ച്ച് ഒന്നിന് സിനിമകള്‍ തമിഴില്‍ നിന്ന് റിലീസ് ചെയ്തിട്ടും, ഒരു ജയം രവി ചിത്രം റിലീസ് ചെയ്തിട്ടും മഞ്ഞുമ്മല്‍ ബോയ്‌സിനെ തൊടാന്‍ പോലും സാധിച്ചില്ല.
കഴിഞ്ഞ ഞായറാഴ്ച മാത്രം 4.82 കോടി രൂപയാണ് തമിഴകത്ത് നിന്നും മഞ്ഞുമ്മല്‍ കളക്ട് ചെയ്തത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ തമിഴകത്ത് ഒരൊറ്റ ദിവസം കൊണ്ട് 4 കോടിയിലേറെ രൂപ കളക്റ്റ് ചെയ്യുന്നത്. മുന്‍പ് ജയിലറിലൂടെ രജനീകാന്തും വിക്രമിലൂടെ കമല്‍ഹാസനും ലിയോയും ബിഗിലുമെല്ലാമടങ്ങുന്ന സിനിമകളോടെ വിജയും കേരളത്തില്‍ സ്വന്തമാക്കിയിരുന്ന നേട്ടമാണ് മലയാളത്തിന്റെ ചെറുപ്പക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നും നേടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മാത്രമായി 15 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തമിഴകത്ത് നിന്ന് 25 കോടിയ്ക്ക് മുകളില്‍ സിനിമ കളക്ട് ചെയ്യുമെന്നാണ് നിലവിലെ ട്രെന്‍ഡ് തോന്നിപ്പിക്കുന്നത്.