സൂപ്പര്‍താര ചിത്രങ്ങള്‍ വേണ്ട 'മഞ്ഞുമ്മല്‍ ബോയ്‌സ്' മതി! തമിഴ്‌നാട് ഭരിച്ച് മലയാള സിനിമ

കെ ആര്‍ അനൂപ്

ശനി, 2 മാര്‍ച്ച് 2024 (10:40 IST)
Manjummel Boys
തമിഴ്‌നാട്ടിലും മലയാള സിനിമകള്‍ വാഴുന്ന കാലം. പലപ്പോഴും സൂപ്പര്‍താര ചിത്രങ്ങള്‍ കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്ന് പണം വരുമ്പോള്‍ മോളിവുഡ് ചിത്രങ്ങള്‍ക്ക് കോളിവുഡില്‍ വലിയ രീതിയില്‍ തിളങ്ങാന്‍ ആവുന്നുണ്ടായിരുന്നില്ല. ഉള്ളടക്കം താരമാകുമ്പോള്‍ സ്ഥിരം ചേരുവകള്‍ ചേര്‍ത്ത് ഒരുക്കിയ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ അടക്കം തമിഴ്‌നാട്ടില്‍ വീണു. ലാല്‍സലാം ഉള്‍പ്പെടെയുള്ള സിനിമകളാണ് അതിന് ഉദാഹരണം. കളക്ഷന്റെ കാര്യത്തില്‍ തമിഴ് സിനിമകള്‍ തമിഴ്‌നാട്ടില്‍ തന്നെ കിതക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ ആകുന്നത്. ജയം രവി ചിത്രം സൈറണെപ്പോലും പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ ഈ ജയം രവി ചിത്രത്തെ പോലും പിന്നിലാക്കി തമിഴ്‌നാട്ടില്‍ ഉയര്‍ന്ന കളക്ഷന്‍ നേടുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
 
സിനിമകള്‍ വിജയിക്കണമെങ്കില്‍ സൂപ്പര്‍ താരങ്ങള്‍ വേണമെന്നില്ല ബജറ്റ് പ്രശ്‌നമല്ല ഭാഷയും കാര്യമേ അല്ല, വിജയം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. 2023ല്‍ തുടങ്ങിയ വലിയ മാറ്റം 2024 ന്റെ തുടക്കത്തിലും തുടരുകയാണ്. ഏത് മലയാള സിനിമയ്ക്കും ലഭിക്കാത്ത വലിയ സ്വീകാര്യതയും പ്രതികരണങ്ങളും ആണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ഷോകളുടെ എണ്ണത്തിലും ടിക്കറ്റ് വില്‍പ്പനയിലും കുതിപ്പ് തുടരുകയാണ്.തമിഴ് യൂട്യൂബ് ചാനലുകള്‍ എല്ലാം സിനിമയെപ്പറ്റിയാണ് സംസാരിക്കുന്നത്. ഇതു വലിയൊരു പ്രമോഷനായി മാറി.പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, 2018 എന്നീ സിനിമകളെ മറികടന്ന് തമിഴ്‌നാട്ടിന്റെ ബോക്‌സോഫീസ് ചരിത്രത്തില്‍ ഏറ്റവും അധികം കളക്ട് ചെയ്ത മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറിക്കഴിഞ്ഞു.
 
ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും. മൂന്ന് കോടിക്ക് മുകളില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍