മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് 20 കോടിയിലേറെ കളക്ഷനാണ് ചിത്രം വേള്‍ഡ് വൈഡായി സ്വന്തമാക്കിയത്. എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനും (മമ്മൂട്ടി) സംഘവും കൊലക്കേസ് പ്രതികളെ പിടികൂടാന്‍ നടത്തുന്ന യാത്രയാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ ഉദ്വേഗജനകമായി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയടക്കം നാല് പേരാണ് കണ്ണൂര്‍ സ്‌ക്വാഡിലുള്ളത്. പ്രതികള്‍ക്കായുള്ള തെരച്ചിലില്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ സന്തതസഹചാരിയാണ് ടാറ്റാ സുമോ. ഏത് പ്രതിസന്ധിഘട്ടത്തിലും അന്വേഷണ സംഘത്തിന് സഹായമാകുന്നുണ്ട് ഈ വാഹനം. ഇപ്പോള്‍ ഈ ടാറ്റാ സുമോ എവിടെയാണെന്ന് അറിയുമോ?
അന്വേഷണ സംഘത്തിലെ അഞ്ചാമന്‍ എന്നാണ് അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും അടക്കം ഈ ടാറ്റാ സുമോയെ റിലീസിന് മുന്‍പ് തന്നെ വിശേഷിപ്പിച്ചത്. അത് അര്‍ത്ഥവത്താക്കുന്ന ചില രംഗങ്ങളും സിനിമയിലുണ്ട്. എന്തായാലും കണ്ണൂര്‍ സ്‌ക്വാഡിലെ അഞ്ചാമനെ മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. ടാറ്റാ സുമോ മമ്മൂട്ടി കമ്പനിയില്‍ എത്തിയിട്ടുണ്ടെന്നാണ് സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റോണി ഡേവിഡ് രാജ് പറയുന്നത്.
' ആ വണ്ടി മമ്മൂക്ക വാങ്ങി. ഇപ്പോള്‍ മമ്മൂട്ടി കമ്പനിയില്‍ കിടക്കുന്നുണ്ടാകും. ഷൂട്ടിങ്ങിന് രണ്ട് വണ്ടികള്‍ ഉണ്ടായിരുന്നു. ഒരെണ്ണത്തിനു എന്തെങ്കിലും പറ്റിയാലും ബാക്കപ്പായി. രണ്ടും അദ്ദേഹം വാങ്ങിയെന്നാണ് എന്റെ അറിവ്. ഇപ്പോള്‍ മമ്മൂട്ടി കമ്പനിയില്‍ കിടപ്പുണ്ടാകും,' റോണി പറഞ്ഞു.
മമ്മൂട്ടി കമ്പനിയാണ് കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമേ അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ്, കിഷോര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.