എന്റെ സ്വഭാവം അത്ര നല്ലതല്ല, എനിക്ക് തന്നെ പലപ്പോഴും ഇഷ്ടപ്പെടാറില്ല: മമ്മൂട്ടി

വെള്ളി, 1 ഒക്‌ടോബര്‍ 2021 (09:41 IST)
ഉള്ളിലുള്ളതെല്ലാം പുറത്ത് പ്രകടിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് പൊതുവെ സിനിമാ മേഖലയിലുള്ളവര്‍ തന്നെ പറയുന്നത്. ദേഷ്യം വന്നാല്‍ പരിസരം നോക്കാതെ ദേഷ്യപ്പെടും. സങ്കടം വന്നാല്‍ കണ്ണ് നിറയും. സന്തോഷം തോന്നിയാല്‍ പൊട്ടിച്ചിരിക്കും. അങ്ങനെയുള്ള മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്വഭാവത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. തന്റെ സ്വഭാവം അത്ര നല്ലതല്ലെന്നാണ് മമ്മൂട്ടി ഈ അഭിമുഖത്തില്‍ പറയുന്നത്. 
 
'ഞാന്‍ എന്റെ സ്വഭാവത്തെ കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ സ്വഭാവം അത്ര നല്ല സ്വഭാവമല്ല. എനിക്ക് തന്നെ എന്റെ സ്വഭാവം പലപ്പോഴും ഇഷ്ടപ്പെടാറില്ല. എല്ലാവര്‍ക്കും അവരവരുടേതായ സ്വഭാവ സവിശേഷതകളുണ്ട്. നമ്മുടെ സ്ഥായിയായ സ്വഭാവ വിശേഷങ്ങളൊന്നും നമുക്ക് മാറ്റാന്‍ സാധിക്കില്ല. ശീലങ്ങള്‍ മാറ്റാന്‍ കഴിയും. സ്വഭാവവിശേഷങ്ങള്‍ അങ്ങനെ മാറ്റാന്‍ കഴിയില്ല. പുകവലിക്കുന്ന ശീലം, മദ്യപിക്കുന്ന ശീലം, നഖം കടിക്കുന്ന ശീലം അതൊക്കെ നമുക്ക് മാറ്റാന്‍ കഴിയുന്നവയാണ്,' മമ്മൂട്ടി പറഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന മമ്മൂട്ടിയുടെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകരുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഡിഡി മലയാളത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 


തോമസ് ടി.കുഞ്ഞുമ്മന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച അഭിമുഖത്തിന്റെ സ്‌ക്രിപ്റ്റ് കള്ളിക്കാട് രാമചന്ദ്രനാണ്. മോഹന്‍ സിത്താരയാണ് സംഗീതം. ഡി.തങ്കരാജ് ആണ് ക്യാമറ. വിവരണം രവി വള്ളത്തോള്‍. ശിവകുമാറിന്റേതാണ് എഡിറ്റിങ്. മമ്മൂട്ടിയുമായി അഭിമുഖം നടത്തുന്നത് നടന്‍ ശ്രീരാമന്‍ ആണ്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍