ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ നടിക്ക് സൗത്ത് ഇന്ത്യ ഒട്ടാകെ ആരാധകരാണ്. ഒരുകാലത്ത് നയൻതാരയ്ക്ക് തമിഴകത്ത് നിന്നും ലഭിച്ച സ്വീകാര്യതയാണ് ഇപ്പോൾ തമിഴകം മമിതയ്ക്കും നൽകുന്നത്. നടിയുടേതായി നിരവധി തമിഴ് സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.
തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്ക്കും സൂര്യയ്‌ക്കൊപ്പമാണ് മമിതയുടെ ചിത്രങ്ങൾ ഒരുങ്ങുന്നത്. വിജയ് നായകനാകുന്ന അവസാന ചിത്രമായ ജനനായകനിൽ മമിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമകളിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കിടുകയാണ് നടി. അവരോടൊപ്പം സ്ക്രീൻ പങ്കിടാനായത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് നടി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'പ്രേമലുവിന് മുമ്പ് എനിക്ക് വിജയ് സാറിന്റെ കൂടെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ പുള്ളി പൊളിറ്റിക്‌സിലേക്കിറങ്ങി, ഇന് സിനിമയൊന്നും ചെയ്യില്ലെന്ന് അറിഞ്ഞു. അത് കേട്ടപ്പോൾ സങ്കടമായി. അതുകൊണ്ടാണ് പ്രേമലുവിന്റെ പ്രൊമോഷൻ നടന്നപ്പോൾ വിജയ്‌യുടെ കൂടെ ഇനി അഭിനയിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം പങ്കുവെച്ചത്. പിന്നെ നോക്കുമ്പോൾ അടുത്ത പടത്തിലേക്ക് എന്നെ വിളിക്കുകയായിരുന്നു. വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു എനിക്കത്.
വളരെ ശക്തമായ വേഷത്തിലേക്ക് എന്നെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. ജന നായകനിൽ ആദ്യത്തെ ദിവസം തന്നെ എനിക്ക് ഡാൻസ് സീനായിരുന്നു. ചെറിയ ഡാൻസായിരുന്നെങ്കിലും എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. 'നീയൊരു നല്ല ഡാൻസറാണെന്ന് എനിക്കറിയാം' എന്ന് വിജയ് സാർ പറഞ്ഞു. രണ്ടാമത്തെ ദിവസം എന്റെ ഡാൻസ് ഗംഭീരമാണെന്ന് അദ്ദേഹം പറഞ്ഞത് വല്ലാത്തൊരു മൊമന്റായിരുന്നു', മമിത ബൈജു പറഞ്ഞു.