അച്ചടക്കമുള്ള ‘നല്ല’ കുട്ടി അല്ല ഷെയിന്‍, കപടമായി അവനൊന്നും ചെയ്യാൻ അറിയില്ല: ഷെയ്ൻ നിഗം

ചിപ്പി പീലിപ്പോസ്

വ്യാഴം, 28 നവം‌ബര്‍ 2019 (11:20 IST)
ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. ഷെയ്ന്‍ ഒരു ഇമോഷണല്‍ ബോംബ് ആണെന്ന് മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അച്ചടക്കമുള്ള ഒരു നല്ല കുട്ടി അല്ല ഷെയ്നെന്നും അവന് കപടമായി ഒന്നും ചെയ്യാൻ അറിയില്ലെന്നും മാലാ പാർവതി കുറിച്ചു. ഇഷ്ക് എന്ന ചിത്രത്തിൽ ഷെയിന്റെ അമ്മ ആയിട്ടായിരുന്നു മാല എത്തിയത്.  
 
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
 
കലാകാരന്മാരുടെ അനാര്‍ക്കി എന്നും രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഷെയിന്‍ ഒരു ഇമോഷണല്‍ ബോംബ് ആണ്. കടല് ഇരമ്പി വരുന്ന അത്രയും ഇന്‍ടെന്‍സുമാണ് സത്യസന്ധവുമാണ്. പക്ഷേ അത് പൊതു സമൂഹത്തിന് ബോധിച്ചു കൊള്ളണമെന്നില്ല. കാരണം അത് കലയ്ക്ക് ഉള്ളില്‍ അത് എല്ലാവര്‍ക്കും ഇഷ്ടമാണ്. ജീവിതത്തില്‍ അത് ആരും സ്വീകരിക്കാന്‍ തയ്യാറാവാറില്ല. ഹെര്‍സോഗിന്റെ ലോക പ്രശസ്ത നടന്‍ കിന്‍സ്‌കിയെ അനുസരിപ്പിക്കാന്‍ തോക്കെടുത്ത കഥ ഓര്‍ത്ത് പോകുന്നു. ജീനിയസ്സുകളെ ജീവിച്ചിരിക്കുമ്പോള്‍ ലോകം സ്വീകരിച്ച ചരിത്രം കുറവാണ്. വ്യക്തി ജീവതത്തില്‍ അവര്‍ അനുഭവിക്കുന്ന മാനസിക തിക്ക് മുട്ടലുകള്‍ മറ്റുള്ളവര്‍ക്ക് ഭാരമാണ്.
 
ഇഷ്‌കില്‍ ഷെയിന്‍ എന്റെ മകനായപ്പോഴാണ് ഞാന്‍ ആ കുട്ടിയെ പരിചയപ്പെടുന്നത്. ആ കഥാപാത്രത്തെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള അവന്റെ ശ്രമങ്ങളും കമ്മിറ്റ്‌മെന്റും അറിയുന്നത്. ഞാന്‍ ഒരു 3 ദിവസമാണ് കൂടെ അഭിനയിച്ചത്. എന്നാല്‍ ഷെയിനെ നന്നായി അറിയുന്ന ഇഷ്‌കിന്റെ സംവിധായകന്‍ Anuraj Manohar ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. ഞാന്‍ ഷെയര്‍ ചെയ്യുന്നു. എല്ലാവര്‍ക്കും ഷെയിനെ കുറിച്ച് ഈ അഭിപ്രായമാവില്ല എന്നറിയാം. കാരണം അച്ചടക്കമുള്ള ‘നല്ല’ കുട്ടി അല്ല ഷെയിന്‍. കപടമായി ഒന്നും ചെയ്യാന്‍ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ്. മനസ്സില്‍ തോന്നുന്നത് ഒക്കെ പറഞ്ഞു എന്നു വരും. അത് തിരുത്തി എന്ന് വരും. പിന്നെയും അതിലേക്ക് മടങ്ങി എന്ന് വരും. സത്യത്തില്‍ അങ്ങനെയുള്ളവര്‍ ഉള്ളില്‍ അനുഭവിക്കുന്ന ഒരു നിസ്സഹായതയുണ്ട്. അതാണ് കലയായി പുറത്ത് വരുന്നത്. അനുരാജ് എഴുതുന്നു…

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍