ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കൂലി ഈ വർഷത്തെ ഏറ്റവും പ്രതിക്ഷയുണർത്തുന്ന സിനിമകളിൽ ഒന്നാണ്. രജനികാന്തിനെ നായകനാക്കി ലോകേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിയോ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമ ആഗസ്റ്റ് 14 ന് തിയേറ്ററിലെത്തും. ചിത്രത്തിൽ രജനികാന്തിനൊപ്പം നാഗാർജുനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാണ് നടൻ സിനിമയിൽ എത്തുന്നത്.
ചിത്രത്തിനായി തനിക്ക് ലഭിച്ച പ്രതിഫലത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് ലോകേഷ് കനകരാജ്. റെക്കോർഡ് തുകയാണ് ലോകേഷിന് പ്രതിഫലമായി ലഭിച്ചത്. ചിത്രത്തിനായി തനിക്ക് 50 കോടി രൂപയാണ് പ്രതിഫലം ലഭിച്ചതെന്ന് ലോകേഷ് പറഞ്ഞു. മുൻ ചിത്രമായ ലിയോയുടെ വലിയ വിജയമാണ് ഈ തുക പ്രതിഫലമായി ലഭിക്കാൻ കാരണമായതെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു.
മുമ്പ് എനിക്ക് ലഭിച്ചതിനേക്കാൾ ഇരട്ടി തുകയാണ് ഇപ്പോൾ ഞാൻ നേടുന്നത്. ഈ നിലയിൽ എത്താൻ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് എനിക്ക് പരാതികളൊന്നുമില്ല. കഴിഞ്ഞ രണ്ട് വർഷം പൂർണമായും കൂലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണ് ചിലവഴിച്ചത്. അത് എന്റെ ഉത്തരവാദിത്വമാണ്', ലോകേഷ് പറഞ്ഞു.