വിജയ്‌ക്കൊപ്പം മാസ്റ്റർ എന്ന സിനിമയിലൂടെ ലോകേഷ് തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു. പിന്നീട് ഇറങ്ങിയ വിക്രം, ലിയോ എന്നീ ചിത്രങ്ങൾ ഹിറ്റായതോടെ ലോകേഷ് തമിഴ് സിനിമയ്ക്ക് ഒഴിച്ചുകൂടാനാകാത്ത സംവിധായകനായി മാറി. കൂലിയാണ് ലോകേഷിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.
ലോകേഷ് കനകരാജിനോട് തനിക്ക് ദേഷ്യമുണ്ടെന്നും ലിയോ എന്ന സിനിമയിൽ അദ്ദേഹം തന്നെ ശരിക്കും ഉപയോഗിച്ചില്ല എന്നുമുള്ള നടൻ സഞ്ജയ് ദത്തിന്റെ കമന്റ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വൈറലായിരുന്നു. തന്റെ പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു നടന്റെ പ്രതികരണം. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് ലോകേഷ് കനകരാജ് എത്തി. സഞ്ജയ് ദത്ത് അത് തമാശയ്ക്ക് പറഞ്ഞതാണെന്നും ആ പ്രസ് മീറ്റ് കഴിഞ്ഞയുടൻ അദ്ദേഹം തന്നെ വിളിച്ചെന്നും ലോകേഷ് പറഞ്ഞു.
'ഞാനത് പറഞ്ഞത് തമാശയായിട്ടാണ്. പക്ഷെ ആളുകൾ ആ ഒരു ഭാഗം മാത്രം കട്ട് ചെയ്തു പ്രചരിപ്പിക്കുകയാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മോശമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ ലോകത്തിലെ ഏറ്റവും വലിയ ഫിലിം മേക്കർ ഒന്നുമല്ല. തെറ്റുകൾ എന്റെ സിനിമയിലും ഉണ്ടായിട്ടുണ്ട്. ഭാവിയിൽ അദ്ദേഹത്തിന് ഒരു ഗംഭീര റോൾ നൽകി ഞാൻ തിരിച്ചുകൊണ്ടുവരും', ലോകേഷിന്റെ വാക്കുകൾ.
വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും. ചിത്രത്തിൽ ആന്റണി ദാസ് എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിച്ചത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.