ലാൽ ജോസിനെ ചുംബിച്ച് സൗബിൻ, 'മ്യാവൂ' അവസാനഘട്ടത്തിലേക്ക്

കെ ആര്‍ അനൂപ്

തിങ്കള്‍, 1 ഫെബ്രുവരി 2021 (23:03 IST)
അറബിക്കഥയ്ക്കും ഡയമണ്ട് നെക്‌ലെയ്‌സിനും ശേഷം ദുബായ് പശ്ചാത്തലമാകുന്ന പുതിയൊരു ചിത്രവുമായാണ് ലാൽജോസ് ഇത്തവണ എത്തുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത രൂപത്തിലാണ് സൗബിൻ 'മ്യാവൂ'യിൽ അഭിനയിക്കുന്നത്. ഇത്തിരി നര വീണ താടി നീട്ടി വളർത്തി മീശയും മുടിയും ട്രിം ചെയ്ത രൂപത്തിലാണ് നടനെ ഇതുവരെ പുറത്തുവന്ന ചിത്രങ്ങളിൽ കാണാനായത്. മംമ്തയും സൗബിനും ഭാര്യാഭർത്താക്കന്മാർ ആയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ സൗബിൻറെ ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് ലാൽ ജോസ്. സംവിധായകനെ ചുംബിക്കുന്ന നടൻറെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. റാസൽ ഖൈമയിലെ സൗബിൻറെ അവസാന ഷൂട്ടിംങ് ദിനമാണെന്നും എല്ലാത്തിനും ഒരുപാട് നന്ദി ബ്രോ എന്നും കുറിച്ചുകൊണ്ടാണ് സംവിധായകൻ ചിത്രം പങ്കുവെച്ചത്.
 
ക്ലീൻ ഷേവ് ചെയ്ത ലുക്കിലാണ് സൗബിനെ ലാൽ ജോസ് അവസാനം പങ്കുവെച്ച ചിത്രത്തിൽ കാണാനാകുന്നത്. സിനിമയിൽ അദ്ദേഹം വ്യത്യസ്ത രൂപങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ എന്നത് കണ്ടുതന്നെ അറിയണം. അടുത്തുതന്നെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാകുമെന്നാണ് മനസ്സിലാക്കാനാവുന്നത്.
 
അറബികഥ, ഡയമണ്ട് നെക്‌ലെയ്സ്, വിക്രമാദിത്യൻ എന്നീ ലാല്‍ ജോസ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഡോ. ഇഖ്ബാൽ കുറ്റിപ്പുറം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ലാൽജോസും മമ്ത മോഹൻദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മാണം.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍