മനുഷ്യരുടെ മെന്റര്‍ ഹെല്‍ത്തിനെ പരിഹസിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു പണിയുമില്ലാത്തവര്‍ക്കാണ് മാനസികാരോഗ്യം മോശമാകുന്നതെന്ന തരത്തിലാണ് ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണപ്രഭ സംസാരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ നെല്‍വിന്‍ ഗോക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ കൃഷ്ണപ്രഭയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മാനസികാരോഗ്യം മോശമായ മനുഷ്യരെ പരിഹസിക്കുകയാണ് കൃഷ്ണപ്രഭ ചെയ്തിരിക്കുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
നടി കൃഷ്ണപ്രഭ മനുഷ്യരുടെ മെന്റല്‍ ഹെല്‍ത്തിനെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കണ്ടു. നിലവിലെ എന്റെ മെന്റല്‍ ഹെര്‍ത്ത് വെച്ച് നോക്കിയാല്‍ ഒരു പാരഗ്രാഫില്‍ കൂടുതല്‍ എഴുതാന്‍ പറ്റാത്ത അവസ്ഥയിലാണ്. എന്നിട്ടും ഇത് എഴുതുന്നത് കൃഷ്ണപ്രഭ ഏതെങ്കിലും തരത്തില്‍ ഇത് വായിക്കുമെന്ന പ്രതീക്ഷയിലാണ്.
' ആള്‍ക്കാര് എപ്പോഴും പറയുന്നത് കേള്‍ക്കാം, ഓവര്‍ തിങ്കിങ് ആണ്, അല്ലെങ്കില്‍ ഡിപ്രഷന്‍ വരുന്നു എന്നൊക്കെ പറയുന്ന കേള്‍ക്കാം. എന്തൊക്കെയോ പുതിയ വാക്കുകളൊക്കെ വരുന്നണ്ടല്ലോ (പൊട്ടിച്ചിരിക്കുന്നു). മൂഡ് സ്വിങ്സ് എന്നൊക്കെ പറഞ്ഞിട്ട്. പണ്ടത്തെ വട്ട് തന്നെ, പക്ഷേ ഇപ്പോഴത്തെ ഡിപ്രഷന്‍. പുതിയ പേരിട്ടെന്ന് മാത്രം (പൊട്ടിച്ചിരിക്കുന്നു),' അഭിമുഖത്തില്‍ കൃഷ്ണപ്രഭ പറയുന്നത് ഇങ്ങനെയാണ്.
വളരെ അടുത്ത ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള ആളാണ് ഞാന്‍. എന്ത് ആവശ്യത്തിനും വിളിക്കാവുന്ന, അതിപ്പോള്‍ വലിയൊരു ഫിനാന്‍ഷ്യല്‍ ക്രൈസിസില്‍ ആണെങ്കില്‍ പോലും എനിക്ക് ആക്സസബിള്‍ ആയി ഒരുപാട് മനുഷ്യരുണ്ട്. എന്നിട്ടും ഈയടുത്ത് വളരെ വലിയൊരു ഹാര്‍ട്ട് ബ്രേക്കിനെ ഞാന്‍ നേരിട്ടത് വല്ലാത്തൊരു അവസ്ഥയിലൂടെയാണ്. ഏതാണ്ട് മൂന്ന് ദിവസത്തോളം ഞാന്‍ ടോട്ടലി അബ്നോര്‍മല്‍ അവസ്ഥയിലായിരുന്നു. ചിന്തിക്കുന്നതൊന്നുമല്ല ഞാന്‍ ചെയ്തിരുന്നത്. ഇത്രയും വലിയ സൗഹൃദവലയം ഉള്ള, വളരെ എക്സ്ട്രോവെര്‍ട്ട് ആയ എന്റെ അവസ്ഥയാണ് ഞാന്‍ പറഞ്ഞത്. അത്തരത്തിലൊരു പ്രിവില്ലേജും ഇല്ലാത്ത മനുഷ്യരുടെ അവസ്ഥ നിങ്ങളൊന്നു ആലോചിച്ചു നോക്കിക്കേ..! ഹാര്‍ട്ട് ബ്രേക്കിന്റെ സമയത്ത് ഓടിപ്പോയി കെട്ടിപ്പിടിച്ച് പൊട്ടിക്കരയാന്‍ പോലും ആരുമില്ലാത്ത മനുഷ്യര്‍ എങ്ങനെയാണ് ഇതിനെയൊക്കെ നേരിടുന്നത് ? അങ്ങനെയുള്ള മനുഷ്യരെയാണ് കൃഷ്ണപ്രഭ പൊട്ടിച്ചിരിച്ച് വളരെ ലാഘവത്തോടെ തള്ളിക്കളഞ്ഞത്. ഡിപ്രഷന്‍ സ്റ്റേജില്‍ നിന്ന് സ്വയം ഹീല്‍ ചെയ്തു പതുക്കെ പുറത്തുകടന്ന് വരുന്ന എനിക്ക് പോലും കൃഷ്ണപ്രഭയുടെ സംസാരം കേട്ട് വല്ലൊത്തൊരു മരവിപ്പ് തോന്നി. അങ്ങനെയെങ്കില്‍ വളരെ ഡിപ്രസ്ഡ് ആയി ഇരിക്കുന്ന മനുഷ്യര്‍ ഇതു കേട്ടാലുള്ള അവസ്ഥ എന്തായിരിക്കും?
ഞാന്‍ കൃഷ്ണപ്രഭയുടെ വീഡിയോ കാണുന്നതിനു തൊട്ടുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത് അനന്തു എന്ന പയ്യന്റെ ആത്മഹത്യ കുറിപ്പ് ആണ്. എനിക്ക് ആ വ്യക്തിയെ അറിയില്ല, എന്നിട്ടും 15 പേജുള്ള ആ കുറിപ്പ് ഒന്‍പതാമത്തെ പേജ് എത്തിയപ്പോള്‍ വായിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചു. താന്‍ കടന്നുപോയ മെന്റല്‍ ട്രോമയെ കുറിച്ചൊക്കെ അനന്തു ഈ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. അവന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അങ്ങനെയുള്ള നിസഹായരായ മനുഷ്യരെ നോക്കിയാണ് കൃഷ്ണപ്രഭ പൊട്ടിച്ചിരിക്കുന്നത്. മെന്റലി ഡൗണ്‍ ആയ മനുഷ്യരെ നിങ്ങള്‍ ചേര്‍ത്തുപിടിക്കണമെന്ന് പറയുന്നില്ല, മറിച്ച് മനുഷ്യരുടെ മാനസികാവസ്ഥയെ ഇത്ര ലാഘവത്തോടെ കാണരുത്..!
ഒരു പണിയുമില്ലാത്തതുകൊണ്ടാണ് മനുഷ്യര്‍ക്കു മൂഡ് സ്വിങ് വരുന്നതെന്നാണ് കൃഷ്ണപ്രഭ പറയുന്നത്. ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ വിരാട് കോലി വരെയുള്ള താരങ്ങള്‍ മെന്റല്‍ ഹെല്‍ത്ത് മോശമായതിനെ തുടര്‍ന്ന് അനുഭവിച്ച സങ്കീര്‍ണതകളെ കുറിച്ച് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. കാശിനോ ലക്ഷ്വറി ലൈഫിനോ ഒരു കുറവുമില്ലാത്ത മനുഷ്യരാണ് അവരൊക്കെ. എന്നിട്ടും മെന്റലി അവര്‍ ബ്രേക്ക് ഡൗണ്‍ ആയിട്ടുണ്ട്. അത്തരത്തില്‍ പ്രൊഫഷണല്‍ ലൈഫ് പോലും നശിച്ചു പോയ മനുഷ്യര്‍ ഇവിടെയുണ്ട്. കൃഷ്ണപ്രഭ ജോലി ചെയ്യുന്ന സിനിമ ഇന്‍ഡസ്ട്രിയില്‍ പോലും അത്തരത്തിലുള്ള മനുഷ്യരുണ്ട്. അവരെയൊക്കെ പരിഹസിക്കുന്ന സ്റ്റേറ്റ്മെന്റ് ആണിത്.
പണ്ട് ഇതൊന്നും ഉണ്ടായിരുന്നില്ല, ഇപ്പോഴാണ് ഈ മെന്റല്‍ ഡിപ്രഷന്‍ എന്നൊക്കെയുള്ള വാക്കുകള്‍ വന്നു തുടങ്ങിയതെന്ന് വാദിക്കുന്ന കൃഷ്ണപ്രഭയെ പോലുള്ള മനുഷ്യര്‍ ഇവിടെയുണ്ട്. യഥാര്‍ഥത്തില്‍ മാനസികാരോഗ്യത്തെ നമ്മള്‍ അഡ്രസ് ചെയ്യാന്‍ തുടങ്ങിയിട്ട് വളരെ കുറച്ച് കാലങ്ങളേ ആയുള്ളൂ. അതുകൊണ്ടാണ് പണ്ട് ഇല്ലായിരുന്നു ഇതൊക്കെ എന്ന് വളരെ കൂളായി പറയാന്‍ സാധിക്കുന്നത്. ഇതിനേക്കാള്‍ ഭീകരമായ രീതിയില്‍ മാനസികാരോഗ്യം പൂര്‍ണമായി നഷ്ടപ്പെട്ടു മരണത്തിലേക്ക് നടന്നുപോയ മനുഷ്യര്‍ അന്നും ഉണ്ടായിരുന്നു. എന്നാല്‍ ആ വിഷയങ്ങളെയൊന്നും നമുക്ക് അഡ്രസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇന്ന് അത് അഡ്രസ് ചെയ്യാന്‍ കുറച്ചെങ്കിലും നമുക്ക് സാധിക്കുന്നുണ്ട്. അങ്ങനെ നമ്മള്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നതിനിടെയാണ് കൃഷ്ണപ്രഭമാര്‍ ഇങ്ങനെയോരോ 'തമാശ' പറയുന്നതെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു ! ഇന്ന് ഒക്ടോബര്‍ 10, വേള്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഡേയാണ്. അതേ ദിവസം തന്നെ ഇങ്ങനൊരു കുറിപ്പ് എഴുതേണ്ടിവന്നതില്‍ നിരാശയുണ്ട്..!