Alappuzha Gymkhana: കോളേജ് അഡ്മിഷന് വേണ്ടി ബോക്സിംഗിന് പോകുന്ന പ്ലസ് ടു പിള്ളേരുടെ സിമ്പിൾ കഥ, ആലപ്പുഴ ജിംഖാനയുടെ കഥ പറഞ്ഞ് ഖാലിദ് റഹ്മാൻ

അഭിറാം മനോഹർ

ചൊവ്വ, 18 മാര്‍ച്ച് 2025 (13:41 IST)
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ, പ്രേമലു എന്ന വമ്പന്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം നസ്ലിന്‍ നായകനാവുന്ന സിനിമ എന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷയുള്ള സിനിമയാണ് ആലപ്പുഴ ജിംഖാന. ബോക്‌സിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ നസ്ലനൊപ്പം ഗണപതി, ലുക്മാന്‍, സന്ദീപ്, അനഘ രവി,അനാര്‍ക്കലി തുടങ്ങി പുതിയ താരങ്ങളാണ് അണിനിരക്കുന്നത്. അമേച്വര്‍ ബോക്‌സിംഗ് പശ്ചാത്തലമാക്കിയുള്ള സിനിമയ്ക്കായി താരങ്ങളെല്ലാം വലിയ മെയ്‌ക്കോവറുകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ കഥ തന്നെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍.
 
 ക്യൂ സ്റ്റുഡിയോ നടത്തിയ അഭിമുഖത്തിലാണ് ഖാലിദ് റഹ്മാന്‍ സിനിമയുടെ ഇതിവൃത്തം വെളിപ്പെടുത്തിയത്. പ്ലസ് ടു വിദ്യാര്‍ഥികളായ ഒരു സംഘം യുവാക്കളുടെ കഥയാണ് സിനിമയില്‍ പറയുന്നതെന്ന് സംവിധായകന്‍ പറയുന്നു. ആലപ്പുഴയില്‍ പ്ലസ് ടുവിന് പഠിക്കുന്ന ചില പിള്ളേര്. ഇവന്മാര് പ്ലസ് ടു തോറ്റു. ഇവന്മാര്‍ക്കാണേല്‍ എങ്ങനെയെങ്കിലും ഒരുമിച്ച് ആലപ്പുഴ എസ് ഡി കോളേജില്‍ അഡ്മിഷന്‍ കിട്ടണം. ഏതെങ്കിലും ഒരു സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ സ്റ്റേറ്റ് ലെവലിലെത്തിയാല്‍ 60 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് കിട്ടും. അത് വെച്ച് അഡ്മിഷന്‍ കിട്ടാന്‍ എളുപ്പമാണ്. അങ്ങനെ അഡ്മിഷനായി ബോക്‌സിംഗ് പത്തിച്ച് ജില്ലാതലത്തിലെല്ലാം ജയിച്ച് കയറി സംസ്ഥാന തലത്തില്‍ എത്തുന്നു. എന്നാല്‍ അവിടെ ചെന്ന് അവന്മാര്‍ ഇടിവാങ്ങി ഒരവസ്ഥയില്‍ എത്തുന്നു. ഇതാണ് സിനിമയുടെ കഥ. ഖാലിദ് റഹ്മാന്‍ പറയുന്നു.
 
 
 ഖാലിദ് റഹ്മാന്‍ തിരക്കഥയെഴുതിയ സിനിമയ്ക്ക് രതീഷ് രവിയാണ് സംഭാഷണം ഒരുക്കിയിട്ടുള്ളത്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: വിഷ്ണു വിനോദ്, മുഹ്‌സിന്‍ പരാരിയാണ് സിനിമയിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍