മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റെന്ന റിപ്പോർട്ടിൽ ഞെട്ടി ആരാധകർ. വീടുകയറിയുള്ള ആക്രമണത്തിനിടെയായിരുന്നു സംഭവം. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂർ വീട്ടിൽ ഉണ്ടായിരുന്നില്ല.
ബുധനാഴ്ച രാത്രി സഹോദരി കരിഷ്മ കപൂർ, നിർമ്മാതാവ് റിയ കപൂർ, സഹോദരി നടി സോനം കപൂർ എന്നിവർക്കൊപ്പമായിരുന്നു കരീന. കരിഷ്മ കപൂർ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഇത് തെളിയിക്കുന്നുണ്ട്. കവർച്ച നടക്കുമ്പോൾ കരീന വീട്ടിൽ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് വ്യക്തമല്ലെങ്കിലും ബുധനാഴ്ച രാത്രി അവർ അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് ചെലവഴിച്ചത്.
നടൻ്റെ വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ താരത്തിന് പരിക്കേറ്റു. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.