നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈ ബാന്ദ്രയിലുള്ള സൈഫ് അലി ഖാന്റെ വീട്ടിൽ കള്ളൻ ആക്രമിച്ച് കയറുകയും നടനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സെയ്‌ഫും കരീനയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമത്തിനിടെ ആയിരുന്നു സംഭവം. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം.
സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം ചികിത്സയിലാണ്. കവർച്ചക്കാരനുമായുള്ള ഏറ്റുമുട്ടലിൽ കുത്തേറ്റതാണോ അതോ പരിക്കേറ്റതാണോ എന്ന് ഇതുവരെ വ്യക്തമല്ല. സെയ്ഫിന്റെ ശരീരത്തിൽ ആറ് പരിക്കുകളുണ്ട്, അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.