വേട്ടയാട് വിളയാട് പോലെ ഒരു പടം മമ്മൂട്ടിയുമായി ചെയ്യാൻ ഇരുന്നതാണ് അന്നത് നടന്നില്ല, ആ ക്ഷീണം ഡൊമിനിക് തീർക്കുമോ?

അഭിറാം മനോഹർ

ബുധന്‍, 15 ജനുവരി 2025 (11:44 IST)
Gautam Menon- Mammootty
മലയാളത്തില്‍ സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് മലയാളി കൂടിയായ ഗൗതം മേനോന്‍. തമിഴ് സിനിമയെ തന്നെ മാറ്റിമറിച്ച കാക്ക കാക്ക, വേട്ടയാട് വിളയാട്, വിണ്ണൈ താണ്ടി വരവായ, വാരണം ആയിരം തുടങ്ങി നിരവധി സിനിമകള്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ സംവിധായകനായുള്ള ആദ്യ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയാണ് സിനിമയിലെ നായകന്‍.
 
 തമിഴ് സിനിമയില്‍ തിളങ്ങിനിന്നിരുന്ന സമയത്ത് വേട്ടയാട് വിളയാട് പോലെ ഒരു സിനിമ മലയാളത്തില്‍ സംവിധാനം ചെയ്യാന്‍ തനിക്ക് അന്ന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് ഗൗതം മേനോന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മദന്‍ ഗൗരിയുമായുള്ള അഭിമുഖത്തിലാണ് ഗൗതം മേനോന്‍ ഇക്കാര്യത്തെ പറ്റി മനസ്സ് തുറന്നത്. മലയാളിബന്ധമുള്ളതിനാല്‍ ചെറുപ്പത്തില്‍ തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളെ പറ്റി അറിയാമായിരുന്നുവെന്നും വേട്ടയാട് വിളയാട് എല്ലാം ചെയ്ത് നില്‍ക്കുന്ന സമയത്ത് മമ്മൂട്ടിയെ നായകനാക്കി സമാനമായ ഒരു സിനിമ മലയാളത്തില്‍ ചെയ്യാന്‍ ആലോചിച്ചിരുന്നതായുമാണ് ഗൗതം മേനോന്‍ അഭിമുഖത്തില്‍ പറയുന്നത്.
 
എന്നാല്‍ അന്നത് നടന്നില്ല. മമ്മൂട്ടിയുടെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ ഇപ്പോള്‍ കുറെയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമ ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ഗൗതം മേനോന്‍. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ബസൂക്ക എന്ന സിനിമയ്ക്കിടെ സിങ്ക് സൗണ്ടില്‍ എങ്ങനെ അഭിനയിക്കണം എന്നതിനെ പറ്റി മമ്മൂട്ടി ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞുതന്നെന്നും ഗൗതം മേനോന്‍ പറയുന്നു. ഇത് അഭിനേതാവെന്ന നിലയില്‍ ഒരുപാട് സഹായിച്ചു. ആയിടെയാണ് ഒരു കഥ എന്റെ അടുത്തെത്തുന്നത്. ആ കഥ മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കാമെന്ന് പറഞ്ഞത് ഞാനായിരുന്നു.
 
അങ്ങനെ മമ്മൂട്ടിയുടെ ടീമുമായി ബന്ധപ്പെട്ടു. അടുത്ത ദിവസം തന്നെ മമ്മൂട്ടിയുമായി സിനിമയെ പറ്റി സംസാരിക്കാനായി പറ്റി. ആര് സിനിമ നിര്‍മിക്കുമെന്ന ചോദ്യത്തിന് പ്രൊഡ്യൂസര്‍ ടീമിനെ ഞാന്‍ സംഘടിപ്പിച്ചോളാം എന്നാണ് പറഞ്ഞത്. അങ്ങനെ ചെന്നൈയിലേക്ക് തിരിച്ചുപോവുകയും ചെയ്തു. അടുത്ത ദിവസം തന്നെ എനിക്ക് വിളി വന്നു. തിരിച്ചുവരു. 10 ദിവസത്തിനുള്ളില്‍ സിനിമ തുടങ്ങാം. സിനിമ താന്‍ തന്നെ നിര്‍മിക്കാമെന്ന് മമ്മൂട്ടി പറഞ്ഞു. ഡൊമിനിക് ആന്‍ഡ് ലേഡി പേഴ്‌സ് സംഭവിച്ചത് അങ്ങനെയാണ്. ഗൗതം മേനോന്‍ പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍