അനുവാദമില്ലാതെ കമല്‍ഹാസന്‍ ചുംബിച്ചു, വലിയ വിഷമമായി: രേഖ

Webdunia
ചൊവ്വ, 6 ജൂലൈ 2021 (11:11 IST)
ഇന്ന് ഇന്റര്‍നാഷണല്‍ കിസിങ് ഡേയാണ്. ചുംബനങ്ങള്‍ക്ക് സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. പ്രണയരംഗങ്ങളെ അതിന്റെ തീവ്രതയില്‍ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ ചുംബന രംഗങ്ങള്‍ക്ക് സാധിക്കും. എന്നാല്‍, സിനിമയിലെ അത്തരമൊരു ചുംബനരംഗം കാരണം മാനസികമായി വലിയ വേദന അനുഭവിച്ച നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ രേഖ സമ്മാനിച്ചിട്ടുണ്ട്. അതിലൊരു കഥാപാത്രമായി അഭിനയിക്കുമ്പോഴാണ് രേഖ അസാധാരണമായ ഒരു ചുംബനം ഏറ്റുവാങ്ങേണ്ടി വന്നത്. സാക്ഷാല്‍ കമല്‍ഹാസനാണ് ആ ചുംബനം രേഖയ്ക്ക് നല്‍കിയത്. 
 
'പുന്നഗൈ മന്നന്‍' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് രേഖ ഇത്തരമൊരു പ്രശ്‌നം നേരിട്ടത്. കെ.ബാലചന്ദര്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. കമല്‍ഹാസന്‍, രേവതി, ശ്രീവിദ്യ തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രേഖ എത്തുന്നത്. കമല്‍ഹാസന്റെ കാമുകിയുടെ റോളാണ് രേഖയ്ക്ക് ഉണ്ടായിരുന്നത്. കമലിന്റെ കഥാപാത്രത്തിന്റെ പേര് സേതു എന്നും രേഖയുടേത് രജനി എന്നുമാണ്. ഇറുവരുടെയും പ്രണയത്തിനു വീട്ടുകാര്‍ എതിര്‍പ്പ് അറിയിക്കുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയ നായകനും നായികയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. വെള്ളച്ചാട്ടത്തില്‍ നിന്ന് താഴേക്ക് ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ പോകുന്നത്. ഈ രംഗങ്ങളുടെ ഷൂട്ടിങ് നടക്കുകയാണ്. 
 
സംഭവത്തെ കുറിച്ച് രേഖയുടെ വാക്കുകള്‍ ഇങ്ങനെ: 'അതിരപ്പള്ളിയില്‍ ആയിരുന്നു ഷൂട്ടിങ്. കമല്‍ സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് അപ്പോഴാണ്. ക്ലൈമാക്‌സ് രംഗത്തില്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് ചാടുകയാണ് വേണ്ടത്. ആ സീന്‍ എടുക്കുന്നതിനു തൊട്ടുമുന്‍പ് സംവിധായകന്‍ ബാലചന്ദര്‍ സര്‍ 'കമല്‍ ഞാന്‍ പറഞ്ഞത് ഓര്‍മയുണ്ടല്ലോ അല്ലേ?' എന്ന് ചോദിക്കുന്നത് കേട്ടു. ഉണ്ട് സര്‍ എന്നാണ് കമല്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ക്യാമറ റോള്‍ ചെയ്തപ്പോള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നു ചാടുന്നതിനു മുന്‍പായി പെട്ടെന്ന് കമല്‍ സര്‍ എന്നെ ചുംബിച്ചു. അത് കഴിഞ്ഞ് ഞങ്ങള്‍ ചാടുന്നതാണ് രംഗം,' 
 
'ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞിട്ടേയുള്ളൂ. സിനിമയെ കുറിച്ച് അത്രയൊന്നും അറിയില്ലായിരുന്നു. പ്രേക്ഷകര്‍ ചുംബനരംഗങ്ങളെ എങ്ങനെ സ്വീകരിക്കുമെന്ന് പേടിയുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ഈ രംഗം കണ്ട് അച്ഛന്‍ വഴക്ക് പറയുമല്ലോ എന്ന പേടിയായിരുന്നു എനിക്ക്. എന്റെ അനുവാദമില്ലാതെ ചുംബിച്ചത് മനസില്‍ വലിയൊരു വിഷമമുണ്ടാക്കി. ചില അഭിമുഖങ്ങളില്‍ ഞാന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്,' രേഖ കൂട്ടിച്ചേര്‍ത്തു. ഒന്നര വര്‍ഷം മുന്‍പ് സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യം പറഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article