International Kissing Day: മലയാളത്തിലെ ഏറ്റവും മികച്ച ലിപ് ലോക്ക് ചുംബനങ്ങള്‍

ചൊവ്വ, 6 ജൂലൈ 2021 (09:30 IST)
ഇന്ന് ഇന്റര്‍നാഷണല്‍ കിസിങ് ഡേയാണ്. മനുഷ്യര്‍ക്കിടയില്‍ ചുംബനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സ്‌നേഹവും കരുതലും പ്രകടമാക്കുന്നതാണ് ഓരോ ചുംബനങ്ങളും. സിനിമയിലും ചുംബനങ്ങള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ബോളിവുഡിലും ഹോളിവുഡിലും ചുംബനങ്ങള്‍ സാധാരണ വിഷയമായിരുന്നു. പക്ഷേ, മലയാള സിനിമയിലെ സദാചാരബോധം ചുംബന രംഗങ്ങളോട് അകലം പാലിച്ചു. ലിപ് ലോക്ക് ചുംബനങ്ങളുടെ വീര്യം മലയാളി മനസിലാക്കുന്നത് തന്നെ അന്യഭാഷാ സിനിമകളില്‍ നിന്നാണ്. പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു മലയാള സിനിമയില്‍ ലിപ് ലോക്ക് ചുംബനങ്ങള്‍ സാധാരണ കാര്യമായി അവതരിപ്പിക്കാന്‍. 
 
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായ വൈശാലിയിലാണ് മലയാളത്തില്‍ ആദ്യ ലിപ് ലോക്ക് ചുംബനം പിറന്നതെന്നാണ് പറയുന്നത്. സുപര്‍ണ ആനന്ദും സഞ്ജയ് മിത്രയുമാണ് വൈശാലിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ മലയാളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പിന്നീട്, പത്മരാജന്‍ സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വനിലും സുപര്‍ണ ആനന്ദ് അത്തരമൊരു സീനില്‍ അഭിനയിച്ചിട്ടുണ്ട്. നായകന്‍ നിതീഷ് ഭരദ്വാജുമൊത്ത് ക്ലൈമാക്‌സിലാണ് ലിപ് ലോക്ക് ചുംബനത്തിനു സമാനമായ രംഗമുള്ളത്. എന്നാല്‍, ലിപ് ലോക്ക് ചുംബനങ്ങള്‍ ജനകീയമാക്കുകയും മലയാള സിനിമയിലെ എല്ലാ സദാചാര മമൂലുകളും തകര്‍ത്തെറിയുകയും ചെയ്ത ചില ലിപ് ലോക്ക് രംഗങ്ങളുണ്ട്. അതില്‍ ഏറ്റവും ചര്‍ച്ചയായതും മികച്ചതുമായ ലിപ് ലോക്ക് രംഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം 
 
ചാപ്പാകുരിശ് 
 
സമീര്‍ താഹിര്‍ സംവിധാനം ചെയ്ത 2011 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചാപ്പാകുരിശ്. ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിപ് ലോക്ക് ചുംബനമെന്നാണ് ചാപ്പാ കുരിശിലെ സീന്‍ അറിയപ്പെടുന്നത്. ഫഹദ് ഫാസിലും രമ്യ നമ്പീശനും തമ്മിലുള്ളതാണ് ഈ രംഗം. മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു ഈ രംഗങ്ങള്‍. ഇതിനുശേഷമാണ് മലയാള സിനിമയില്‍ ലിപ് ലോക്ക് ചുംബനങ്ങള്‍ അല്‍പ്പമെങ്കിലും സാധാരണ കാര്യമാകാന്‍ തുടങ്ങിയത്. 
 
അന്നയും റസൂലും 
 
അതിവൈകാരികമായ പ്രണയരംഗത്തിലൂടെ ഫഹദ് വീണ്ടും ഞെട്ടിച്ച സിനിമയാണ് അന്നയും റസൂലും. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും 2013 ലാണ് റിലീസ് ചെയ്യുന്നത്. ആന്‍ഡ്രിയ ജെര്‍മിയയാണ് ഫഹദിന്റെ നായികയായി അഭിനയിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയരംഗത്തിനിടെ മനോഹരമായി ചിത്രീകരിച്ച ഒരു ചുംബനരംഗമുണ്ട്. 
 
വണ്‍ ബൈ ടു 
 
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ ബൈ ടു 2014 ലാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തില്‍ മുരളി ഗോപിയും ഹണി റോസും തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗം മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ലിപ് ലോക്ക് സീനുകളില്‍ ഒന്നാണ്. റിലീസ് സമയത്ത് ഈ രംഗങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഹണി റോസിന്റെ വളരെ ബോള്‍ഡായ അഭിനയശൈലി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയാണ് വണ്‍ ബൈ ടു. ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 
 


മായാനദി 
 
മലയാള സിനിമയിലെ ഇമ്രാന്‍ ഹാഷ്മി എന്ന് ടൊവിനോ തോമസിനെ വിളിക്കാനുള്ള പ്രധാന കാരണം ലിപ് ലോക്ക് ചുംബനങ്ങളാണ്. പല സിനിമകളിലും ലിപ് ലോക്ക് ചുംബനങ്ങള്‍കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന നടനാണ് അദ്ദേഹം. അതില്‍ തന്നെ മായാനദിയിലെ പ്രണയരംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി 2017 ലാണ് പുറത്തിറങ്ങിയത്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഈ സിനിമയുടെ കഥയ്ക്ക് ഏറെ അത്യാവശ്യമായിരുന്നു. അതുകൊണ്ട് തന്നെ നായകന്റെയും നായികയുടെയും പ്രണയരംഗങ്ങള്‍ വളരെ മനോഹരമായി ഒപ്പിയെടുക്കാന്‍ സംവിധായകന് സാധിച്ചു. ടൊവിനോയും ഐശ്വര്യയും തമ്മിലുള്ള പ്രണയരംഗങ്ങളും അതിനിടയിലെ ലിപ് ലോക്ക് ചുംബനവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു. 
 


തീവണ്ടി 
 
ടൊവിനോ തോമസും സംയുക്ത മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തീവണ്ടിയിലും മനോഹരമായ ലിപ് ലോക്ക് രംഗമുണ്ട്. നവാഗതനായ ഫെല്ലിനി ടി.പി.യാണ് 2018 ല്‍ പുറത്തിറങ്ങിയ തീവണ്ടിയുടെ സംവിധായകന്‍. എരിയുന്ന സിഗരറ്റിനേക്കാള്‍ പെണ്ണിന്റെ ചുംബനത്തിനാണ് കൂടുതല്‍ ലഹരിയെന്നാണ് സിനിമയുടെ പറഞ്ഞുവയ്ക്കുന്നത് തന്നെ. അതുകൊണ്ട് തന്നെയായിരിക്കാം നായകനും നായികയും തമ്മിലുള്ള പ്രണയരംഗങ്ങളില്‍ ചുംബനത്തിന് വലിയ പ്രാധാന്യം നല്‍കിയതും. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍