'കാജലിന് വേഗം ഒരു കുഞ്ഞ് ജനിക്കണം' സഹോദരിയുടെ ആഗ്രഹം
ശനി, 19 ജൂണ്‍ 2021 (14:22 IST)
താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ 36-ാം ജന്മദിനമാണിന്ന്. ഈ ജന്മദിനത്തില്‍ കാജല്‍ അഗര്‍വാളിന്റെ സഹോദരി നിഷാ അഗര്‍വാളിന് ഒരു ആഗ്രഹമുണ്ട്. മറ്റൊന്നുമല്ല, കാജല്‍ വേഗം ഗര്‍ഭിണിയാകണം, ഒരു കുഞ്ഞ് ജനിക്കണം.
'കാജലിന് വേഗം ഒരു കുഞ്ഞ് പിറക്കണമെന്നാണ് എന്റെ ആഗ്രഹം. അത് വ്യക്തിപരമായ ഒരു താല്‍പര്യമാണ്. കല്യാണം കഴിഞ്ഞ സമയംതൊട്ട് ഞാന്‍ എന്റെ സഹോദരിയോട് ഇത് ആവശ്യപ്പെടുന്നുണ്ട്. കുഞ്ഞിന് ജന്മം നല്‍കുന്നത് കാജല്‍ ഒത്തിരി വൈകിപ്പിച്ചാല്‍ എന്റെ മകന്‍ കുറേകാലം ഒറ്റപ്പെട്ട് പോകും. എന്റെ മകനും കാജലിന്റെ കുഞ്ഞും തമ്മിലുള്ള പ്രായവ്യത്യാസം കൂടും. ഇഷാന് (നിഷയുടെ മകന്‍) ഇപ്പോള്‍ തന്നെ മൂന്ന് വയസ്സായി. അതുകൊണ്ട് കാജലും പങ്കാളിയും ഇക്കാര്യങ്ങള്‍ വേഗത്തിലാക്കണം,' നിഷാ അഗര്‍വാള്‍ പറഞ്ഞു.
1985 ജൂണ്‍ 19 ന് ജനിച്ച കാജലിന് ഇപ്പോള്‍ 36 വയസ് തികഞ്ഞിരിക്കുകയാണ്. 2004 ല്‍ സമീര്‍ കാര്‍ണിക് സംവിധാനം ചെയ്ത 'ക്യുന്‍ ഹോ ഗയ നാ' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജല്‍ സിനിമാരംഗത്ത് എത്തുന്നത്. പിന്നീട് തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു.
ലക്ഷ്മി കല്യാണം, മഗധീര, ആര്യ 2, നാന്‍ മഹാന്‍ അല്ല, വീര, മാട്രാന്‍, തുപ്പാക്കി, ജില്ല, മാരി, പായും പുലി, ജനതാ ഗാരേജ്, മെര്‍സല്‍ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലെല്ലാം കാജല്‍ അഭിനയിച്ചിട്ടുണ്ട്.