പറഞ്ഞത് കൂടുതലല്ല, കേരളം പോലെ കുടിച്ച് അഴിഞ്ഞാടുന്നവർ വേറെയില്ലെന്ന് ജയമോഹൻ

അഭിറാം മനോഹർ
തിങ്കള്‍, 11 മാര്‍ച്ച് 2024 (16:44 IST)
Jeyamohan
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് മലയാളം തമിഴ് എഴുത്തുകാരനായ ജയമോഹന്‍ നടത്തിയ പ്രതികരണം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി മദ്യപിച്ച് കുടിച്ച് കൂത്താടുന്ന വനങ്ങളില്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചെറിഞ്ഞ് ജീവിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടാക്കുന്ന തെമ്മാടിക്കൂട്ടമാണ് മലയാളികളെന്നായിരുന്നു ജയമോഹന്റെ വാക്കുകള്‍. മലയാളികളെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
 
ജയമോഹന്റെ പ്രതികരണത്തിനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഇടത് നേതാവായ എം എ ബേബിയും അടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. തന്റെ പ്രതികരണത്തിനെതിരെ ഇത്രയും വിമര്‍ശനങ്ങള്‍ വരുമ്പോഴും പറഞ്ഞതില്‍ മാറ്റമില്ലെന്നാണ് ജയമോഹന്‍ പറയുന്നത്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജയമോഹന്റെ പ്രതികരണം. കേരളം പോലെ കുടിച്ചഴിഞ്ഞാടുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ലെന്ന് ജയമോഹന്‍ പറയുന്നു.
 
വൈകുന്നേരങ്ങളില്‍ കേരളത്തിലൂടെ യാത്ര ചെയ്താല്‍ ഇത് കാണാവുന്നതാണ്. ഇത് ആരെങ്കിലും ചൂണ്ടികാണിച്ചല്‍ ചാടികടിക്കാന്‍ വരുന്നതാണ് കേരളത്തിന്റെ പൊതുസ്വഭാവം. ഈ കുടി ഭ്രാന്ത് ഉണ്ടാക്കുന്നതില്‍ ബുദ്ധിജീവികളുടെ പങ്കും എനിക്കറിയാം. മദ്യപിച്ച ശേഷം വനത്തിനുള്ളില്‍ കയറി കുപ്പി അടിച്ചുടയ്ക്കുകയും വനത്ത് കുപ്പിച്ചില്ലുകള്‍ നിറയ്ക്കുകയും ചെയ്യുന്ന തോന്ന്യാസത്തിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. ആ സ്വഭാവം മറ്റേതെങ്കിലും സംസ്ഥാനങ്ങളിലുണ്ടോ. മദ്യത്തിന്റെ കൂത്താട്ടമാണ് യുവത്വം എന്ന് വരുത്തിതീര്‍ക്കാനുള്ള ഒരു ട്രെന്‍ഡ് സെറ്ററെന്ന പോലെയാണ് സിനിമകള്‍ ഇപ്പോള്‍ വരുന്നതെന്നും ജയമോഹന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article